ആലപ്പുഴ: ഹരിപ്പാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വികാരാധീനനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 26-ാം വയസില്‍ തന്നെ നിയമസഭയിലേക്ക് ജയിപ്പിച്ചുവിട്ട മണ്ഡലമാണ് ഹരിപ്പാടെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്നേഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജീവിതത്തില്‍ നേരിട്ട തെരഞ്ഞെടുപ്പുകളെ എണ്ണിപ്പറഞ്ഞായിരുന്നു 18/03/21 വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ ചെന്നിത്തലയുടെ പ്രസംഗം.
’26-ാമത്തെ വയസില്‍ ഈ മണ്ഡലത്തില്‍നിന്നും ഇവിടുത്തെ ജനങ്ങള്‍ എന്നെ നിയമസഭയിലേക്ക് ജയിപ്പിച്ച് വിട്ടതാണ്. നിയമസഭയിലേക്ക് ഞാന്‍ മത്സരിക്കുമെങ്കില്‍ അത് ഹരിപ്പാട് നിന്നുമാത്രമായിരിക്കും. നേമത്ത് മത്സരിക്കണമെന്ന ഒരു അഭിപ്രായം ഉയര്‍ന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് എന്നോട് പറഞ്ഞു ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന്. ഈ നാടും നാട്ടുകാരും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്’, ചെന്നിത്തല പറഞ്ഞു.
‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ഒരു അമ്മ മകനെ സ്നേഹിക്കുന്നതുപോലെയാണ് ഹരിപ്പാടെന്ന ഈ നാട് എന്നെ സ്നേഹിച്ചത്. എന്നെ വാത്സല്യത്തോടെയാണ് കണ്ടത്. 1982ലാണ് ആദ്യമായി ഞാന്‍ ഇവിടെനിന്നും മത്സരിച്ചത്. പിന്നീട് ഞാന്‍ മന്ത്രിയായി 87ല്‍ മത്സരിച്ചു. അന്നുമെന്നെ വിജയിപ്പിച്ചു. രാജീവ് ഗാന്ധിയും കെ കരുണാകരനും എകെ ആന്റണിയുമാണ് അന്നെന്നോട് കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ പറഞ്ഞത്. ഞാന്‍ ആഗ്രഹിച്ചതല്ല. എന്നെ കോട്ടയത്ത് നിര്‍ത്തി. അവിടെനിന്നും ഞാന്‍ ജയിച്ചു. നാല് തവണ പാര്‍ലമെന്റ് അംഗമായതിന് ശേഷം വീണ്ടും ഈ മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ ചിന്തയുണ്ടായപ്പോള്‍ വീണ്ടും മത്സരിച്ചു. കേരളത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം ഹരിപ്പാടാണ് എന്ന് ബോധ്യപ്പെട്ടു. അന്നും ഇവിടുത്തെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മന്ത്രിയായി. അത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലും എന്നെ വിജയിപ്പിച്ചു’, അദ്ദേഹം കൂട്ടിച്ചേർത്തു.

