പതിനെട്ട് വര്‍ഷം പാക് കാരാഗൃഹത്തില്‍: തിരിച്ചെത്തി ഒരുമാസത്തിനകം ഹസീന ബീഗത്തെ തേടി മരണമെത്തി

ഔറംഗാബാദ്: ഭര്‍ത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പാകിസ്ഥാനിലേക്ക് പോവുകയും പാസ്പോര്‍ട്ടും മറ്റ് സാധനങ്ങളും നഷ്ടമായതിനെ തുടര്‍ന്ന് പാക് ജയിലിലാവുകയും ചെയ്ത ഹസീന ബീഗത്തിന് ഇന്ത്യയിലെത്തി ഒരുമാസത്തിനകം മരണം. നീണ്ട പതിനെട്ട് വര്‍ഷമാണ് അവര്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞത്. കഴിഞ്ഞ ജനുവരി 26ന് തിരിച്ചെത്തിയ 65കാരിയായ ഹസീന ബീഗം ഹൃദയാഘാതം നിമിത്തമാണ് മരണപ്പെട്ടത്. പാകിസ്ഥാനില്‍ സന്ദര്‍ശന വിസയില്‍ പോയ ഹസീന ബീഗം മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലുള്ള ബന്ധുക്കള്‍ സര്‍ക്കാര്‍ മുഖേന നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ജയില്‍ മോചനത്തിന് വഴിവച്ചത്. ലാഹോറിലുള്ള ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പേരുവിവരങ്ങള്‍ ഓര്‍മ്മയില്ലാത്തതാണ് കോടതിയില്‍ ബീഗത്തിന് തിരിച്ചടിയായത്.

Share
അഭിപ്രായം എഴുതാം