റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2018-19ലെ ബജറ്റ്‌ പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും നടപ്പിലായില്ല. വികസനത്തിനും ആസ്‌തികളുടെ നിര്‍മ്മാണത്തിനും നീക്കി വയ്‌ക്കുന്ന പണം ചെലവഴിക്കുന്നതില്‍ സര്‍കാരിന്‌ പരജയമെന്നും സിഎജി

January 19, 2021 - 12:02 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2018-19 വര്‍ഷത്തെ ബജറ്റ്‌ പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും ആ വര്‍ഷം നടപ്പിലായില്ലെന്ന വിമര്‍ശനവുമായി സിഎജി. ബജറ്റില്‍ 12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ്‌ പ്രഖ്യാപിച്ചിരുന്നത്‌. 188 കോടിയായിരുന്നു അവയുടെ വിഹിതം. അതില്‍ 5 പദ്ധതികളിലായി 18.47 കോടി രൂപ മാത്രമാണ്‌ ചെലവിട്ടത്‌ . 9 പദ്ധതികള്‍ ആ വര്‍ഷം നടപ്പിലായില്ല. ഇതില്‍ ഏഴെണ്ണത്തിന്‌ ബജറ്റ്‌ വിഹിതം അനുവദിച്ചിരുന്നില്ല. അങ്ങനെ ബജറ്റ്‌ പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും നടപ്പാക്കാനായില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി നിയമ സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഈ കണ്ടെത്തല്‍.

അതുവരെയുളള 210 പദ്ധതികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സിഎജി കണ്ടെത്തി. ഒരുവര്‍ഷം മുതല്‍ 27 വര്‍ഷം വരെയാണ്‌ പദ്ധതികള്‍ക്ക്‌ കാലതാമസ മുണ്ടാവുന്നത്‌. ഈ കാലതാമസം കാരണം കാര്യമായ പ്രയോജന മുണ്ടാവുന്നുമില്ല. വകയിരുത്തിയ പണം പൂര്‍ണ്ണമായി ചെലവിടാനുമാകുന്നില്ല. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടുന്ന നിര്‍ബ്ബന്ധിത ചെലവുകള്‍ കഴിച്ചാല്‍ 2018-19 ല്‍ യഥാര്‍ത്ഥ ബജറ്റിന്റെ 32 ശതമാനം മിച്ചമാണ്‌. വികസനത്തിനും ആസ്‌തികളുടെ നിര്‍മ്മാണത്തിനും നീക്കി വയ്‌ക്കുന്ന പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാരിനുളള പരാജയമാണ്‌ ഇത്‌ കാണിക്കുന്നതെന്നും സിഎജി.ചൂണ്ടിക്കാട്ടി.

എന്നാല്‍ രണ്ടിനങ്ങളില്‍ അധിക ചെലവുണ്ടായി. നിയമ സഭ സെക്രട്ടറിയേറ്റിനേയും കേന്ദ്രാവിഷ്‌കൃത പദ്ധതികളേയും സംബന്ധിച്ച ചെലവുകളാണിത്‌. നിയമ സഭയുടെ അനുമതിയില്ലാതെ ചെലവുകള്‍ നടത്തരുതെന്ന തത്വത്തിന്‌ വിപരീതമാണിത്‌. അധിക ചെലവുകള്‍ ആവര്‍ത്തിച്ചുണ്ടാകുന്നത്‌ ഗൗരവമായി കാണണം. അധിക ചെലവ്‌ സംബന്ധിച്ച നിലവിലുളള എല്ലാ കേസുകളും എത്രയും വേഗം ക്രമീകരിക്കണം . സഭയില്‍ വോട്ടിനിടാത്ത ഇതുപോലുളള അധിക ചെലവുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. വകുപ്പുതല ഉദ്യോഗസ്ഥര്‍ ബജറ്റ്‌ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നത്‌ തടയാന്‍ നിയന്ത്രണ നടപടികള്‍ വേണം. 22.41 കോടിയുടെ ധന ദുര്‍വിനിയോഗം, പണാപഹരണം, എന്നിവയുള്‍പ്പെട്ട 104 കേസുകളില്‍ അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സിഎജി കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *