റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്.എസ്.എൽ.സി, ഹയർ സെക്കൻററി പരീക്ഷകൾ മാർച്ച് 17 മുതൽ

December 17, 2020 - 7:29 pm

എസ്.എസ്.എൽ.സി പരീക്ഷയും ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനം എടുത്തത്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും. ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതൽ സ്‌കൂൾതലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസലിങ്ങും സ്‌കൂൾതലത്തിൽ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്‌കൂളിൽ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി ഇക്കാര്യങ്ങൾ നിർവഹിക്കും.  

സ്‌കൂൾ, ഹയർസെക്കൻററി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നു മുതൽ ഓൺലൈനായി നടക്കുകയാണ്. അതു ഈ നിലയിൽ തുടരും.

കോളേജ് തലത്തിൽ അവസാന വർഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർത്ഥികളെ വെച്ചാണ് ക്ലാസുകൾ നടത്തുക. ആവശ്യമെങ്കിൽ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും.
കാർഷിക സർവകലാശാലയിലെയും ഫിഷറീസ് സർവകലാശാലയിലെയും ക്ലാസുകളും വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കൽ കോളേജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.

യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീൽ, വി.എസ്. സുനിൽകുമാർ, ജെ. മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105614

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *