ഭോപ്പാല്‍: ലോക പൈതൃക പട്ടികയില്‍ ഇടം നേടി മധ്യപ്രദേശ് സംസ്ഥാനത്തെ കോട്ടകളുടെ നഗരമായ ഗ്വാളിയാറും ക്ഷേത്ര നഗരമായ ഓര്‍ച്ചയും. അടുത്തവര്‍ഷം യുനെസ്‌കോ സംഘം സംസ്ഥാനം സന്ദര്‍ശിക്കും. പൈതൃക സ്വത്തുക്കള്‍ പരിശോധിച്ച ശേഷം അവയുടെ വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികള്‍ ഒരുക്കും.
ഒമ്പതാം നൂറ്റാണ്ടിലാണ് ഗ്വാളിയോര്‍ നഗരം സ്ഥാപിക്കപ്പെടുന്നത്. ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട ഓര്‍ച്ച പതിനാറാം നൂറ്റാണ്ടിലും. ഗുര്‍ജാര്‍ പ്രതിഹാര്‍ രാജ്വാന്‍ഷ്, തോമര്‍, ബാഗേല്‍ കച്വാഹോ, സിന്ധ്യാസ് തുടങ്ങിയവരാണ് ഗ്വാളിയോര്‍ ഭരിച്ചത്. കോട്ടകള്‍, കൊട്ടാരങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഓര്‍മ്മകളായി ഉയര്‍ന്നുനില്‍ക്കുന്നു.
ബുണ്ടേല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഓര്‍ച്ച. രാജ് മഹല്‍, ജഹാംഗീര്‍ മഹല്‍, രാമരാജ ക്ഷേത്രം, റായ് പ്രവീണ്‍ മഹല്‍, ലക്ഷ്മിനാരായണ്‍ മന്ദിര്‍ എന്നിവയാണ് നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങള്‍.

