കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ പുതിയ ഉയരം നേപ്പാള്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചൈന, നേപ്പാള്‍ രാജ്യങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാന്‍ തീരുമാനിച്ചത്. കൊടുമുടിയുടെ ഉയരം അളക്കണമെന്ന ആവശ്യം നേരത്തെ തന്നെ നേപ്പാള്‍ ഉന്നയിച്ചിരുന്നു. എവറസ്റ്റ് നേപ്പാളില്‍ സാഗര്‍മാതയെന്നും ചൈനയില്‍ ഷുമുലന്‍ഗമ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. എവറസ്റ്റിന്റെ ഉയരം അളക്കാന്‍ നേപ്പാള്‍ നേരത്തെ തന്നെ പ്രത്യേക ടീമായ പര്‍വ്വതാരോഹകരെ നിയമിച്ചിരുന്നു. നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റര്‍(29,029 അടി) ഉയരമാണ്. 1954-ല്‍ സര്‍വെ ഓഫ് ഇന്ത്യ നടത്തിയ അളവെടുപ്പില്‍ ലഭിച്ച ഉയരമാണിത്. ചൈന നടത്തിയ അളവെടുപ്പില്‍ 8,844 മീറ്റര്‍ ആണ് എവറസ്റ്റിന്റെ ഉയരം.എന്നാല്‍ നേപ്പാളിന്റെ കണക്കനുസരിച്ച് എവറസ്റ്റിന് നാല് മീറ്റര്‍ കൂടി ഉയരം കൂടുതലുണ്ട്. ഈ വ്യത്യാസം നിലനില്‍ക്കുന്നതിനാലാണ് എവറസ്റ്റിനെ ഒന്നു കൂടി അളന്നു നോക്കാനുള്ള തീരുമാനം ചൈന എടുത്തത്.
1999-ല്‍ അവസാനമായി എവറസ്റ്റിന്റെ ഉയരം അളന്നത് നാഷണല്‍ ജിയോഗ്രാഫിക് സംഘം ആയിരുന്നു. 8850 ആണ് അന്ന് ഉയരം രേഖപ്പെടുത്തിയത്. പിന്നീട് ഇതുവരെ എവറസ്റ്റിന്റെ ഉയരം അളന്നിരുന്നില്ല. 2015-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ കൊടുമുടിയുടെ ഉയരം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടയിരുന്നു. തുടര്‍ന്ന് 2017ലാണ് എവറസ്റ്റ് വീണ്ടും അളക്കാന്‍ നേപ്പാള്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ യുറേഷ്യന്‍ പ്ലേറ്റുകള്‍ കൂടിച്ചേരുന്ന മേഖലയിലാണ് എവറസ്റ്റ് കൊടുമുടി നിലകൊള്ളുന്നത്. ഈ പ്രദേശത്ത് ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ സജീവമായി നടക്കുന്നുമുണ്ട്. എവറസ്റ്റിന്റെ ഉയരം കൃത്യമായി കണക്കാക്കുന്നതിലൂടെ ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഠഭൂമിയുടെയും ഉയര്‍ച്ചയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായകമാകുമെന്നുമാണ് കരുതുന്നത്.

