റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ: വസ്തുതാ വിരുദ്ധമെന്ന് ചൈന

November 25, 2020 - 10:45 am

വത്തിക്കാന്‍: ചൈനയിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന. വസ്തുതാ വിരുദ്ധമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നുമാണ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്. എല്ലാ ഗോത്രവിഭാഗക്കാരും ചൈനയില്‍ പൂര്‍ണമായും അവകാശങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലെറ്റ് അസ് ഡ്രീം: ദ പാത് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍ എന്ന പുസ്തകത്തിലാണ് ഉയ്ഗുര്‍ മുസ്ലിങ്ങളെ കുറിച്ച് മാര്‍പാപ്പ പരാമര്‍ശം നടത്തിയത്.

പലപ്പോഴും പീഡിപ്പിക്കപ്പെടുന്ന ജനതയെന്ന് ഞാന്‍ കരുതുന്നത് റോഹിംഗ്യകളെയും ഉയ്ഗുറുകളെയും യസീദികളെയുമാണ് എന്നാണ് മാര്‍പാപ്പ എഴുതിയത്. ഇസ്ലാമിക രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഈ പരാമര്‍ശവും ഉളളത്. മ്യാന്‍മാറില്‍നിന്ന് ഓടിപ്പോവേണ്ടിവന്ന റോഹിംഗ്യകളെക്കുറിച്ചും ഇറാഖില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട യസീദികളെക്കുറിച്ചും മാര്‍പാപ്പ നേരത്തേ സംസാരിച്ചിട്ടുണ്ട്.ജീവചരിത്രകാരന്‍ ഓസ്റ്റന്‍ ഐവെറിഗുമായി ചേര്‍ന്നു തയ്യാറാക്കിയ 150 പേജുള്ള പുസ്തകത്തില്‍ യു.എസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതില്‍ നടന്ന പ്രതിഷേധത്തെ സ്വാഗതംചെയ്യുന്നുമുണ്ട്. ചൈനയിലെ സിന്‍ജിയാങ്ങില്‍ പത്തുലക്ഷത്തിലേറെ ഉയ്ഗുറുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. എന്നാല്‍, ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *