ന്യൂഡൽഹി: മറിയാനാ ട്രഞ്ചിലേക്ക് മനുഷ്യനെ ഇറക്കിയ ചൈനീസ് ദൗത്യത്തിനു തൊട്ടു പിന്നാലെ ആഴക്കടൽ പര്യവേഷണത്തിന് ഇന്ത്യയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
4,000 കോടി രൂപ ചെലവിട്ട് നടത്തുന്ന ദൗത്യം മൂന്നോ നാലോ മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം രാജീവൻ പറഞ്ഞു. ഈ ദൗത്യം ഇന്ത്യയുടെ വിശാലമായ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണും കോണ്ടിനെന്റൽ ഷെൽഫും പര്യവേഷണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് എം രാജീവൻ പറഞ്ഞു. വിവിധ ആഴങ്ങളിലുള്ള സമുദ്ര സംരംഭങ്ങൾക്കായി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതും ഈ ദൗത്യത്തിൽ ഉൾപ്പെടും. ഡി ആർ ഡി ഒ, ബയോടെക്നോളജി വകുപ്പ്, ഐ എസ് ആർ ഒ, കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവ ഈ പദ്ധതിയിൽ പങ്കാളികളാകും. രാജീവൻ കൂട്ടിച്ചേർത്തു.
“ വെള്ളത്തിനടിയിൽ സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ രൂപകൽപ്പന, വികസനം, എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ആകർഷണം,” അദ്ദേഹം പറഞ്ഞു.
ആഴക്കടൽ ഖനനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതും ദൗത്യത്തിന്റെ ലക്ഷ്യമാണ്.
ചൈന, കൊറിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സജീവമായിരിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നതിനാൽ ഇത് തന്ത്രപരമായി പ്രാധാന്യമർഹിക്കുന്നതുമാണ്.
പര്യവേക്ഷണത്തിനായി കൂടുതൽ വിപുലമായ ആഴക്കടൽ കപ്പലുകൾ വാങ്ങുന്നതും ഈ ദൗത്യത്തിൽ ഉൾപ്പെടും. നിലവിലുള്ള കപ്പൽ സാഗർ കന്യയ്ക്ക് ഏകദേശം മൂന്നര പതിറ്റാണ്ട് പഴക്കമുണ്ട്.

