റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച (24/11/2020) പുലര്‍ച്ചെ പത്തനാപുരത്ത് നിന്നും ബേക്കല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് കാസര്‍കോട്ടേക്ക് കൊണ്ടുപോയി. പ്രദീപിനെ ചൊവ്വാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. പ്രദീപ് കോട്ടത്തലയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

കേസില്‍ പ്രദീപിനെതിരെ അന്വേഷണ സംഘം ഗുരുതരമായ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസിലെ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി സാക്ഷികളെ കൊണ്ട് മൊഴി മാറ്റുന്നതിന് വേണ്ടി ഒരു സംഘം ജനുവരി 20ന് എറണാകുളത്താണ് യോഗം ചേര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപിൻ്റെ നീക്കങ്ങള്‍ എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്ന് വിളിക്കുന്ന സുനില്‍ രാജുമായി ഫോണില്‍ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് പുറമേ മറ്റ് സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നല്‍കുന്നതിന് വേണ്ടി സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *