കൊച്ചി : വാടകയ്‌ക്കെടുത്ത വാഹനങ്ങൾ വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ നജീബ്, കടവന്ത്ര സ്വദേശി ജിനു, സജാത് എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ കെ എം ജിജി മോൻ, കളമശ്ശേരി സി ഐ സന്തോഷ്, എസ് ഐ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 11-11- 2020 ബുധനാഴ്ചയാണ് സംഭവം.
പത്തിലധികം വാഹനങ്ങൾ തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്. ഒഎൽഎക്സ് വഴി കാറുകൾ വാടകയ്ക്ക് എടുത്ത് നൽകിയവരാണ് തട്ടിപ്പിനിരയായവരിൽ പലരും. ഒരു മാസത്തേക്ക് വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുകയും ചെയ്യും. മെക്കാനിക്കൽ എൻജിനീയർ ആയ രണ്ടാംപ്രതി ജിനുവാണ് ഈ കാര്യങ്ങൾ ചെയ്തിരുന്നത്. വ്യാജരേഖകൾ ഉണ്ടാക്കിയിരുന്നത് ഒന്നാം പ്രതി അബ്ദുൾ നജീബും സജാദും ചേർന്നാണ്. വ്യാജരേഖകൾ ഉണ്ടാക്കിയ വണ്ടികൾ തമിഴ്നാട് കേന്ദ്രമാക്കി പണയത്തിൽ വെക്കും. അതിനുശേഷം വാഹനങ്ങളുടെ ലൊക്കേഷൻ കണ്ടെടുത്ത് മോഷ്ടിച്ച് വിൽപന നടത്തും. അബ്ദുൽ നജീബ് വിസ തട്ടിപ്പ് കേസിലും മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.