കൊച്ചി: മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച (12/11/20) വിധി പറയും. അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ 11 കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.
കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കമറുദ്ദീനെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നിരവധി കേസുകള്‍ കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ കേസുകളിലെല്ലാം അന്വേഷണം പുരോഗമിക്കുന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 11 കേസുകളില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഇതോടെ ആദ്യം അറസ്റ്റിലായ 3 കേസുകളില്‍ ജാമ്യം ലഭിച്ചാലും കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകില്ല.
വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളൊന്നും നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാല്‍ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ എതിര്‍വാദം. സ്ഥാപനം പൂട്ടിപ്പോയ കാര്യം കമ്പനി രജിസ്ട്രാറെ അറിയിച്ചിരുന്നില്ല. സ്ഥാപനം പ്രവര്‍ത്തനം നിലച്ച് 2 വര്‍ഷം കഴിഞ്ഞും സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി.
അതേ സമയം കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹോസ്ദുർഗ് കോടതി ബുധനാഴ്ച (11/11/20) തള്ളി. കോടതി 14 ദിവസത്തേക്ക് എം എൽ എ യെ റിമാന്റ് ചെയ്തു.