കൊച്ചി: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടക്കുന്ന റെയ്ഡിനൊപ്പം ബംഗളൂരു മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് ഇടങ്ങളില്‍ റെയ്ഡ്.
ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുല്‍ ലത്തീഫിന്റെ കവടിയാറുള്ള വീട്, അബ്ദുല്‍ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാര്‍ പാലസ്, സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അല്‍ജാസം അബ്ദുല്‍ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുണ്‍ വര്‍ഗീസിന്റെ പട്ടം, കെ.കെ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മുഹമ്മദ് അനസിന്റെ കണ്ണൂരിലെ ധര്‍മ്മടത്തെ വസതിയിലാണ് അന്വേഷണ സംഘം എത്തിയത്. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയെന്ന ഉദ്ദേശത്തിലാണ് റെയ്ഡ്. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്.
4-11-2020 ബുധനാഴ്ച രാവിലെ ഒന്‍പതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാന്‍ വിളയിലുള്ള വീട്ടില്‍ പരിശോധനയ്ക്കായി എത്തിയിരുന്നു.
എന്നാൽ വീടിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ആദ്യം അകടത്തു കടക്കാന്‍ സാധിച്ചില്ല. ബിനീഷിന്റെ ബന്ധുക്കള്‍ താക്കോലെത്തിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറിയത്. സി.ആര്‍.പി.എഫ് വീടിന് മുന്നില്‍ സുരക്ഷയ്ക്കായി നിലയുറപ്പിച്ചിട്ടുണ്ട്. അനൂപ് മുഹമ്മദ് മുഖ്യപ്രതിയായ കേസിൽ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. എട്ടംഗ അന്വേഷണ സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ഉണ്ട്.

