തിരുവനന്തപുരം: കുട്ടികളുടെ മാനസീക സംഘര്‍ഷം അകറ്റാനുളള പരിശീലനത്തിന് ക്ലാസെടുത്തത് പോക്‌സോ കേസുകളില്‍ പ്രതിയായ വ്യക്തി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്‍റെ വെബിനാറിലാണ് പോക്‌സോ കേസ് പ്രതിയെ ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച (05.10.2020) യാണ് വെബിനാര്‍ നടന്നത്. നിലവില്‍ രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയും വിചാരണ നേരിടുന്ന ആളുമാണ് ക്ലാസെടുത്ത ഡോ. ഗിരീഷ്.
കൗണ്‍സിലിംഗിനെത്തിയ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ് ഡോ. ഗിരീഷ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി യുടെ കരിയര്‍ ഗൈഡന്‍സ് ആന്‍റ് കൗണ്‍സിലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വെബിനാറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന നിലയിലാണ് ഇയാള്‍ പങ്കെടുത്തത്. കോവിഡ് കാലത്തെ കുട്ടികളുടെ മാനസീക സംഘര്‍ഷമെന്ന വിഷയത്തിലായിരുന്നു വെബിനാര്‍. ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ വെബിനാറില്‍ 389 സ്‌കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായി ഗിരീഷ് ക്ലാസെടുത്തു.
ചടങ്ങില്‍ പങ്കെടക്കാനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ലയണ്‍സ് ക്ലബ്ബിന്‍റെ യുവജന വിഭാഗം കോര്‍ഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. പോക്‌സോ കേസില്‍ പ്രതിയായിട്ടും ഫോര്‍ട്ട് പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന ഗിരീഷിന്‍റെ അറസ്റ്റ് വിവാദങ്ങള്‍ക്കിടയിലാണ് പോലീസ് രേഖപ്പെടുത്തിയത്.
ഇയാള്‍ക്കെതിരെ രണ്ടുകേസുകളില്‍ കിരുവനന്തപുരം പോക്‌സോ കോടതിയില്‍ വിചാരണ തുടരുകയാണ്. ഗിരീഷ് റിമാന്‍റില്‍ കിടന്നിരുന്ന തിരുവനന്തപുരം ജില്ലാ ജയിലിലും തടവുകാര്‍ക്ക് ക്ലാസെടുക്കാനായി ലയണ്‍സ് ക്ലബ്ബിന്‍റെ പേരില്‍ എത്തിയത് നേരത്തെ വിവാദമായിരുന്നു. ഗിരീഷിന്‍റെ കേസിനെ ക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹയര്‍ സെക്കന്‍ററി വകുപ്പിന്‍റെ വിശദീകരണം.



