യച്ചൂരിക്ക് പിൻതുണയുമായി കോൺഗ്രസ്സ്

ന്യൂഡൽഹി: ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയടക്കം അഞ്ച് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഡൽഹി പൊലീസ് നൽകിയ വിശദീകരണം മുഖവിലയ്ക്കെടുക്കാതെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഇടതു പക്ഷത്തുള്ളവരാണെങ്കിലും ഈ നേതാക്കളുടെ രാജ്യത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയെ കുറച്ചു കാണാനാകില്ലെന്നും അദ്ദേഹം പറയുന്നു.

ജെ.എൻ.യു വിലെയും ജാമിയ മിലിയയിലെയും വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൻ്റെ അനുബന്ധ റിപ്പോർട്ടിലാണ് യെച്ചൂരിയുടെയും യോഗേന്ദ്ര യാദവിൻ്റെയും ജയതി ഘോഷിൻ്റെയും മറ്റ് മൂന്ന് പ്രമുഖരുടെയും പേര് ഉൾപ്പെടുത്തിയത് എന്നാണ് ഡൽഹി പൊലീസിൻ്റെ വിശദീകരണം.

Share
അഭിപ്രായം എഴുതാം