തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് 11-09-2020, വെള്ളിയാഴ്ച നടന്ന സർവകക്ഷിയോഗത്തിൽ ഐക്യകണ്ഠ്യേന തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് മൂന്നുമാസം പോലും കാലാവധി തികയ്ക്കാൻ ആവില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചാൽ ഉണ്ടാകുന്ന അധികച്ചെലവ് കണക്കിലെടുക്കേണ്ടതാണ്. ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് അനാവശ്യ സാമ്പത്തികബാധ്യത അടിച്ചേൽപ്പിക്കൽ ആകും .
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തിൽ ചില നീക്കുപോക്കുകൾ അനുവദിക്കാനാകും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും കോവിഡ് സാഹചര്യം ബാധകമാണ്. എന്നാൽ മാറ്റി വയ്ക്കാനാവാത്ത ഭരണഘടന ബാധ്യതയും അതിലുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള അഭിപ്രായസമന്വയമാണ് സർവകക്ഷിയോഗത്തിൽ ഉണ്ടായത്. സർവകക്ഷി യോഗത്തിനുശേഷം എടുത്ത തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ .



