ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്രസർക്കാർ. ആഗസ്റ്റ് ആദ്യവാരം 2.15 % ആയിരുന്ന മരണനിരക്ക് സെപ്റ്റംബർ ആദ്യവാരം പിന്നിടുമ്പോൾ 1.7% ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
രാജ്യത്തെ ആകെ കോവിഡ് മരണങ്ങളിൽ 70 ശതമാനവും ഉണ്ടാകുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് രാജ്യത്തെ കോവിഡ് മരണങ്ങളുടെ സിംഹഭാഗവും നടക്കുന്നത്. നിലവിൽ രോഗബാധയുള്ള 62 ശതമാനം ആളുകളും ഇതേ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
പ്രതിദിന രോഗ വർധനവിൽ ചൊവ്വാഴ്ച നേർത്ത കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ വീണ്ടും അത് ഉയർന്നിട്ടുണ്ട്.