ന്യൂഡൽഹി: ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി സൂചന . 2019 ജൂണിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിച്ചതിനു ശേഷം ഗ്ലോബല്‍ ട്വൻ്റി-20 കാനഡ ടൂര്‍ണമെന്‍റിൽ യുവി കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ ലീഗായ ബിഗ് ബാഷിലേക്ക് യുവരാജിനെ പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പുനീത് ബാലിയാണ് യുവരാജിനോട് പഞ്ചാബ് ടീമില്‍ കളിക്കുവാന്‍ ആവശ്യപ്പെട്ടത്. പഞ്ചാബ് അസോസിയേഷന്‍റെ ഓഫര്‍ സ്വീകരിക്കുകയാണെന്ന് യുവരാജ് സിങ്ങ് കത്തെഴുതുകയും ചെയ്തു. എന്നാല്‍ യുവരാജിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ബിസിസിഐയാണ്. തീരുമാനം അനുകൂലമാണെങ്കില്‍ ടി20 ഫോര്‍മാറ്റിലായിരിക്കും യുവരാജ് വീണ്ടും എത്തുക.



