റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെയും ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും 34, 379 ഗാര്‍ഹിക കണക്ഷനുകള്‍ വഴി 1.6 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍  പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ആല, പുലിയൂര്‍, ബുധനുര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലേയ്ക്കും ചെങ്ങന്നൂര്‍ നഗരസഭയ്ക്കും വേണ്ടിയുള്ള കിഫ്ബിയുടെ  സഹായത്തോടെയുള്ള 199.13 കോടി രൂപയുടെ  കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണഉദ്ഘാടനം ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . 

കോവിഡ്  ഭീഷണി നേരിടുന്ന കാലത്തും കേരളത്തില്‍  സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് തന്നെ  നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  വെള്ളം ശുദ്ധീകരിക്കുന്നതിനും ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കുവാനും  സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുത്തു.

ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ കുളങ്ങളുടെ നിര്‍മ്മാണം, കിണര്‍ റീചാര്‍ജ്, നദികള്‍ സംരക്ഷിക്കല്‍ എന്നിവ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴി  കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍ നിലനിര്‍ത്തുന്നതിന് വായു, ജലം എന്നിവയാണ് ഏറ്റവും പ്രധാനം.  ജലദൗര്‍ലഭ്യം പലയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജലത്തിന്റെ ശരിയായ വിനിയോഗം വഴി ശുദ്ധജലക്ഷാമത്തിലേക്ക് നാം പോകാതിരിക്കാന്‍ ശ്രമിക്കണം. അതിന് നദികളെ സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളത്തിന്റെ പ്രത്യേക പ്രാധാന്യം തിരിച്ചറിഞ്ഞു ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം.നഷ്ടപ്പെട്ട ജല സമ്പത്തുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്  അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 2024 ഓട്കൂടി  സമ്പൂര്‍ണ്ണ കുടിവെള്ളം എന്നത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളപ്രശ്‌നം ഏറെ നേരിടുന്ന കുട്ടനാട്ടിലേക്ക് 289. 54 കോടി രൂപ വരുന്ന പദ്ധതിയും  ആലപ്പുഴ നഗരസഭയ്ക്ക് സമീപമുള്ള പഞ്ചായത്തുകളില്‍ കുടിവെള്ളം പ്രശ്‌നം പരിഹരിക്കുന്നതിന് 211.72 കോടി രൂപയുടെ പദ്ധതിക്കും കിഫ്ബി വഴി അംഗീകാരം നല്‍കിക്കഴിഞ്ഞു.

കേന്ദ്രസംസ്ഥാന പദ്ധതിയായ ജലനിധി വഴി 2020  21 ല്‍ 21.42 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കും . ആലപ്പുഴ ജില്ലയില്‍ 448.16  കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂരിന്റെ വികസനത്തില്‍ ഒരു നാഴികക്കല്ലാണ് പദ്ധതിയെന്ന് സജി ചെറിയാന്‍ എം.എല്‍.എ  പറഞ്ഞു.  മധ്യമേഖല ചീഫ് എന്‍ജിനീയര്‍ എം.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.. കെ.ഡബഌയു.എ  ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.അജിത, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍, വെണ്‍മണി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലെജുകുമാര്‍, ചെറിയനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ.രാധമ്മ, പൂലീയുര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ്  റ്റി.റ്റി.ഷൈലജ, ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശോഭ, മുളക്കുഴ പഞ്ചായത്ത്  പ്രസിഡന്റ് രശ്മി രവീന്ദ്രന്‍, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ജി.വിവേക്, മുളക്കുഴ വൈസ് പ്രസിഡന്റ്   എന്‍.എ രവീന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ശാമുവേല്‍ ഐപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം  റ്റി.അനിതകുമാരി,,പഞ്ചായത്ത് അംഗം മാത്യു വര്‍ഗ്ഗീസ്,  വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 35,000ഓളം ഗാര്‍ഹികകണക്ഷനുകള്‍ നല്കാനാവും

പമ്പാനദി സ്രോതസ്സ് ആയിട്ടുള്ള ഉള്ള ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ സ്ഥാപിതശേഷി 35 ദശലക്ഷം ലിറ്ററാണ്. പമ്പാ നദിക്കരയില്‍ കോലാമുക്കത്ത് നിലവിലുള്ള കിണര്‍ നവീകരിച്ച് 270 കുതിരശക്തിയുള്ള 2 പമ്പുകള്‍ ഉപയോഗിച്ച് 3050 മീറ്റര്‍ നീളത്തിലുള്ള  പൈപ്പിലൂടെ പമ്പ് ചെയ്ത് നികരുംപുറത്ത് പണിയുന്ന  ശുദ്ധീകരണ ശാലയില്‍ ജലം എത്തിയ്ക്കുന്നു. ഇവിടെ നിന്നും മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലുമായി സ്ഥിതി ചെയ്യുന്ന 8 ഉന്നതതല ജല സംഭരണിയിലേയ്ക്ക് ജലം പമ്പ് ചെയ്ത് 910 കിലോമീറ്റര്‍ നീളമുള്ള വിതരണ ശ്യംഖല വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 4 പാക്കേജുകളായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പമ്പാനദിക്കരയില്‍ കോലാമുക്കത്ത് നിലവിലുള്ള കിണറിന്റെ നവീകരണം, നികിരുംപുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം, കോലാമുക്കത്ത് ട്രാന്‍സ്‌ഫോര്‍മര്‍ റൂമിന്റെ നിര്‍മ്മാണം, 3.08കിലോമീറ്റര്‍ റോ വാട്ടര്‍ പമ്പിംഗ് മെയിന്‍, നികിരുംപുറം ജലശുദ്ധീകരണശാലയില്‍ 14ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയുടെയും 14.6 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയുടെ നിര്‍മ്മാണം , കോലാമുക്കത്തും നീകിരുംപുറത്തും  ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, കോലാമുക്കത്ത് 270 കുതിരശക്തി ശേഷിയുള്ള 3 പമ്പുകള്‍ എന്നിവയുടെ പ്രവൃത്തിയാണ് പാക്കേജ്1 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 പാക്കേജ്2 ല്‍ നികിരുംപുറം ജലശുദ്ധീകരണശാലയില്‍ നിന്നും ചെങ്ങന്നൂര്‍ നഗരസഭയിലെ മലയില്‍ എന്ന സ്ഥലത്ത് സ്ഥാപിക്കുന്ന സംഭരണിയിലേയ്ക്ക് ശുദ്ധീകരിച്ച ജലം കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍ 2.25 കിലോ മീറ്റര്‍, 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണി, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 190.2 കിലോമീറ്റര്‍ വിതരണ ശൃംഖല, തിരുവല്ല  ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ക്രോസ്സ് ചെയ്ത് പൈപ്പ് സ്ഥാപിക്കേണ്ട പ്രവൃത്തി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പാറച്ചന്തയില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണി, കളരിത്തറയില്‍ 6.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണി, പെണ്ണുക്കരയില്‍ 15 ലക്ഷം ലിറ്റര്‍ സംഭരണി ശേഷിയുള്ള ഉന്നതതല ജലസംഭരണി എന്നിവയും അവിടങ്ങളിലേയ്ക്കുള്ള ക്ലിയര്‍ വാട്ടര്‍ ട്രാന്‍സ്മിഷന്‍ മെയിന്‍, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലായി 410.47 കിലോമീറ്റര്‍ വിതരണ ശ്യംഖല എന്നിവയാണ് പാക്കേജ്3ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാക്കേജ്4 ല്‍ പുലിയൂരില്‍ 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും, പാണ്ടനാട് 8 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും ,തിരുത്തിമേല്‍ 3.65 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുടേയും

അവിടങ്ങളിലേയ്ക്കുള്ള ക്ലിയര്‍ വാട്ടര്‍ ട്രാന്‍സ്മിഷന്‍ മെയിന്‍, ആല പഞ്ചായത്തില്‍ 95.48 കിലോമീറ്റര്‍, ബുധനൂര്‍, പുലിയൂര്‍ പഞ്ചായത്തില്‍ 147.7 കിലോമീറ്റര്‍, പാണ്ടനാട് പഞ്ചായത്തില്‍ 65.65 കിലോമീറ്റര്‍ നീളത്തിലുള്ള വിതരണ ശൃംഖല എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തിയും കുളിക്കാംപാലം എന്ന സ്ഥലത്ത് റെയില്‍ ക്രോസ്സ് ചെയ്ത് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ പദ്ധതി 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടുകൂടി ചെങ്ങന്നൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ദിനംപ്രതി ആളോഹരി 150 ലിറ്ററും ഗ്രാമീണ മേഖലകളില്‍ ആളോഹരി 100 ലിറ്റര്‍ വീതവും കുടിവെള്ള വിതരണം നടത്തുവാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തീകരണത്തോടു കൂടി മുനിസിപ്പാലിറ്റിയിലെയും, ഗ്രാമ പഞ്ചായത്തുകളിലെ 34,379 ഗാര്‍ഹിക കണക്ഷന്‍ വഴി ആകെ 1,60,659 ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7438/Chengannoor-water-supply.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *