മാഞ്ചസ്റ്റർ : മുൻ ക്യാപ്റ്റനെ ചെരുപ്പെടുക്കാനും വെള്ളം കൊണ്ടുവരാനും നിയോഗിച്ചതിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പുതിയ വിവാദം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. കളിയിൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെയാണ് കളിക്കിടയിൽ താരങ്ങൾക്ക് വെള്ളമെത്തിക്കാനും ഷൂ ചുമക്കാനും ചുമതലപ്പെടുത്തിയത്.
നടപടിക്കെതിരെ നിശിത വിമർശനവുമായി മുൻ താരങ്ങളായ ഷൊയ്ബ് അക്തറും റാഷിദ് ലത്തീഫും പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഗതി ചൂടുപിടിച്ചത്. കളിയിൽ സർഫ്രാസിനു പകരം മുഹമ്മദ് റിസ്വാനാണ് ഇറങ്ങിയത്. അങ്ങനെ പന്ത്രണ്ടാമനായി പുറത്തിരുന്ന സർഫ്രാസിന് ഗ്രൗണ്ടിലുള്ള താരങ്ങൾക്ക് വെള്ളമെത്തിച്ചു നൽകേണ്ടി വന്നു. മറ്റൊരു കളിക്കാരന്റെ ഷൂ ഇളകിയപ്പോൾ പകരം ഷൂ എത്തിച്ചു നൽകിയതും അദ്ദേഹമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് മുൻ നായകന്റെ ലാളിത്യത്തെയും വിശാല മനസ്സിനെയും മാനേജ്മെന്റ് ചൂഷണം ചെയ്തു എന്ന വിമർശനം ഉയർന്നത്.
എന്നാൽ പാക് കോച്ചും മുൻ നായകനുമായ മിസ്ബ ഉൽ ഹഖ് ആരോപണങ്ങൾക്ക് മറുപടി നൽകി. അദ്ദേഹം പറയുന്നത് ഇങ്ങനെ:
“സർഫ്രാസ് സഹതാരങ്ങൾക്ക് വെള്ളവും ഷൂവുമായി പോയതിൽ ലജ്ജിക്കാനൊന്നുമില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പുറത്തിരുന്ന മറ്റു മൂന്നു പേർ ആ സമയം നെറ്റ്സിൽ പരിശീലനത്തിലായിരുന്നു. അതിനാലാണ് ആ ജോലി സർഫ്രാസിനെ ഏൽപിച്ചത്. താൻ ക്യാപ്റ്റനായ കാലത്തും ഇതെല്ലാം ചെയ്തിട്ടുണ്ട്. പാക് ടീമിന്റെയും സർഫ്രാസിന്റെയും മഹത്വമാണ് ഇതിലൂടെ ദൃശ്യമാകുന്നത് “
നാലു വർഷം ടീമിനെ നയിക്കുകയും ചാമ്പ്യൻസ് ടോഫിയിൽ പാക്കിസ്ഥാന് കിരീടം സമ്മാനിക്കുകയും ചെയ്ത നായകനാണ് സർഫ്രാസ് അഹമ്മദ്.
