ജയ്പൂര്‍ : ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിനിയായ മൂന്നടി ആറിഞ്ച് ഉയരം മാത്രമുള്ള ആർതി ദോഗ്രയാണ് ശാരീരിക പരിമിതികൾക്കിടയിലും ഐ എ എസ് നേടി മികച്ച മാതൃകയായത്.
നിലവിൽ രാജസ്ഥാൻ കേഡറിലാണ് ഇവർ ജോലി ചെയ്യുന്നത്. 2019 ൽ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ആർതി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നിയമ മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരിൽ നിന്നും ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭിന്ന ശേഷിക്കാരായ ആളുകളെ വോട്ട് ചെയ്യുവാനും അവരെ ജനാധിപത്യ സംവിധാനത്തിൽ പങ്കാളികളാക്കുവാൻ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കായിരുന്നു പുരസ്ക്കാരം.
ഇത്തരക്കാരക്കാരെ സഹായിക്കുന്നതോടൊപ്പം വോട്ട് ചെയ്യുവാൻ ഇവർക്ക് പ്രചോദനം നൽകുവാനും ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിച്ചു. അംഗപരിമിതർക്കായി ‘ദിവ്യംഗ് രഥ്സ്, എന്ന പേരിൽ പോളിംങ് സ്റ്റേഷനിലെത്തിക്കുവാൻ വാഹനങ്ങളും നൽകി. എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ട് വീൽചെയറുകളെങ്കിലും നിർബന്ധമാക്കി. ഇക്കാരണത്താൽ മാത്രം തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ 17,000 ആളുകളാണ് ബുത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
ഇന്ത്യൻ ആർമിയിലെ മുൻ കേണൽ രാജേന്ദ്ര ദോഗ്രയുടെയും സ്കൂൾ പ്രിൻസിപ്പൽ ആയ കുംകുമിന്റെയും മകളാണ് . മറ്റ് കുട്ടികൾക്കൊപ്പം പഠിക്കുവാൻ ഇവർക്ക് കഴിയില്ലന്ന ഡോക്ടർമാരുടെ വിലയിരുത്തൽ അപ്പാടെ മാറ്റിമറിച്ച വിജയമാണ് ആർതിയുടേത്.

