റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂരഹിത ഭവനരഹിതര്‍ക്കായി പതിനാല് ജില്ലകളിലും കെയര്‍ ഹോം ഫ്ളാറ്റ് സമുച്ചയം

July 16, 2020 - 12:28 pm


തിരുവനന്തപുരം:  പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതര്‍ക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കും.

ഓരോ സമുച്ചയത്തിലും 30 മുതല്‍ 40 വരെ കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയില്‍ അഞ്ഞൂറോളം സ്‌ക്വയര്‍ഫീറ്റ് വീസ്തീര്‍ണ്ണമുള്ള ഫ്‌ളാറ്റുകളാകും ഉണ്ടാവുക എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കൂടാതെ ഓരോ സമുച്ചയത്തിലും കുട്ടികളുടെ കളിസ്ഥലം, അംഗനവാടി, മീറ്റിംഗ്ഹാള്‍, വായനശാല, മാലിന്യസംസ്‌ക്കരണസൌകര്യം, പാര്‍ക്കിംഗ് സൌകര്യം എന്നിവയും അതാതു സ്ഥലത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെയര്‍ഹോം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രണ്ടായിരം വീടുകള്‍ സഹകരണ വകുപ്പ് നിര്‍മിച്ചു  നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷത വഹിക്കും.

തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിക്കായി വാങ്ങി നല്‍കിയ ഒരു ഏക്കര്‍ ആറ് സെന്റ് സ്ഥലത്തു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങിയവര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.

കളക്ടര്‍മാര്‍ തെരഞ്ഞെടുത്ത് റവന്യൂ, ദുരന്തനിവാരണ വകുപ്പ് വഴി ലഭ്യമായ ഗുണഭോക്തൃപട്ടികയില്‍ നിന്നാണ് കെയര്‍ ഹോം പദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിച്ചത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6177/care-home-flat-construction-inauguration-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *