തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്ര വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജി എക്കാലവും ഹിന്ദുമതവിശ്വാസി ആയിരിക്കണമെന്ന് വിധിച്ചതിനു തുല്യമായെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ അധ്യക്ഷന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമായ ഹിന്ദുസംവരണമാണ്. ഹിന്ദുവല്ലാത്തയാള്‍ക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത് ഇക്കാര്യത്തില്‍ സുപ്രിംകോടതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്പാദിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രക്കേസിലെ സുപ്രിംകോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഭരണസമിതിയുടെ അധ്യക്ഷന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയില്‍ പറയുന്നു. ഭരണഘടനാവിരുദ്ധമായ ഹിന്ദുസംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാള്‍ക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്. യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത് ഇക്കാര്യത്തില്‍ സുപ്രിംകോടതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്പാദിക്കണം.



