റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിതന്റെ ഖബറടക്കം, മാതൃകയായി ആരോഗ്യപ്രവര്‍ത്തകര്‍

July 11, 2020 - 9:42 am

കാസര്‍കോട്: കോവിഡ് പ്രതിസന്ധിയില്‍ എല്ലാഘട്ടത്തിലും ജനങ്ങള്‍ക്കായി സുരക്ഷാകവചം തീര്‍ക്കുന്ന തിരക്കിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. മരണാനന്തരം മൃതദേഹം പരിപാലിക്കുന്ന കാര്യത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ജനങ്ങളുടെ പൂര്‍ണ സഹായം കൂടി ലഭിക്കുന്നതോടെ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കപ്പെടുന്നത്. കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന മൊഗ്രാല്‍പുത്തൂരിലെ മധ്യവയസ്‌കന്റെ ഖബറടക്കമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. വൈകാരിക വൈഷമ്യങ്ങളെല്ലാം മറച്ചുവെച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം മൃതദേഹം ഖബറടക്കാന്‍ പൂര്‍ണപിന്തുണ നല്‍കിയ കുടുംബവും നാട്ടുകാരുടെ പ്രശംസ നേടുകയാണ്. കുടുംബത്തിന്റെ സഹകരണത്തോടെ യാതൊരു പാളിച്ചകളുമില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഖബറടക്കം നടത്തിയത്. 

കര്‍ണാടക ഹുബ്ലിയില്‍ 25 വര്‍ഷത്തോളമായി ജോലി ചെയ്തിരുന്നയാളാണ് കോട്ടക്കുന്നിലെ അബ്ദുല്‍ റഹ്മാന്‍. ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നു. കോട്ടക്കുന്ന്, മൊഗ്രാല്‍ സ്വദേശികളായ രണ്ട് പേര്‍ക്കൊപ്പമാണ് ഈ മാസം ഏഴിന് പുലര്‍ച്ചെ തലപ്പാടി ചെക്‌പോസ്റ്റിലെത്തിയത്. ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ കോവിഡ്-19 സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും നേരിട്ട് കോട്ടക്കുന്ന് മസ്ജിദ് പരിസരത്ത് ഖബറടക്കാനാണ് കൊണ്ടു പോയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാനമായി വീട്ടിലെത്തിയത്. സംസ്‌കരണ വേളയിലും കുടുംബത്തിന് ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കുടുംബം ഒന്നൊഴിയാതെ പാലിക്കുകയായിരുന്നു. വളരെ ശ്രമകരമായ സംസ്‌കാര നടപടികള്‍ക്ക് മൊഗ്രാല്‍പുത്തൂരിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുന്ദരനും ചെങ്കളയിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണപ്രസാദുമാണ് നേതൃത്വം നല്‍കിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ് പ്രോട്ടോകോള്‍ പാലനം നിരീക്ഷിച്ചു. സന്നദ്ധപ്രവര്‍ത്തകരായ അഷ്‌റഫ് എടനീര്‍, മുജീബ് കമ്പാര്‍, ബഷീര്‍ കടവത്ത്, കബീര്‍ പേരൂര്‍, ഹമീദ് ബെള്ളൂര്‍, സിദ്ദീഖ് ബദര്‍ നഗര്‍ എന്നിവര്‍ ഖബറടക്കം നടത്തി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6044/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *