കോവിഡ് രോഗലക്ഷണങ്ങളോടെ ഐസിയുവില്‍ പ്രവേശിക്കപ്പെട്ട 40കാരന് ശ്വാസം മുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് പകരം കൂളര്‍ ഓണ്‍ ചെയ്തതാണ് മരണകാരണമെന്നാണ് ആരോപണം. രാജസ്ഥാനിലെ കോട്ട മഹാറാവു ഭീം സിങ് ആശുപത്രിയില്‍ ഇന്നലെ (19-06-20) യാണ് സംഭവം.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ബാറ്ററിയില്‍ കുറച്ച് നേരം പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നീട് ഓഫാവുകയും രോഗി മരിക്കുക യുമായിരുന്നു. രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റസിഡന്റ് ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ ഡോക്ടറും പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചു. ഐസിയുവില്‍ മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവാവിനെ ജൂണ്‍ 15ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവിടെ നല്ല ചൂടാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ തന്നെ എയര്‍ കൂളര്‍ കൊണ്ടുവന്നു. കൂളര്‍ പ്രവര്‍ത്തിപ്പിക്കാനായി സോക്കറ്റ് കാണാതെ വന്നതോടെ അവര്‍, വെന്റിലേറ്ററിന്റെ പ്ലഗ് ഊരിമാറ്റി മകരം കൂളര്‍ ഓണാക്കുകയായിരുന്നുവെന്നാണ് ആരോപണം. ഒന്നരമണിക്കൂര്‍ കഴിഞ്ഞതോടെ രോഗിയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് കോവിഡ് ഇല്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി സൂപ്രണ്ട്. നഴ്സിംഗ് സൂപ്രണ്ട്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നവീന്‍ സക്സേന പറഞ്ഞു. മെഡിക്കല്‍ ജീവന ക്കാരുടെ മൊഴി സമിതി രേഖപ്പെടുത്തി. എന്നാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ സമിതിയോട് സഹകരിക്കാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

