റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ദബങ് സംവിധായകന്‍ അഭിനവ് സിങ് കശ്യപ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ ഖാന്‍ മടിക്കില്ലെന്ന അഭിനവ് വെളിപ്പെടുത്തി. കരിയര്‍ മാത്രമല്ല തന്റെ വ്യക്തിജീവിതം തകര്‍ക്കാനും സല്‍മാന്‍ ഖാന്റെ കുടുംബം ശ്രമിച്ചതായി അഭിനവ് വെളിപ്പെടുത്തി. സല്‍മാന്‍ ഖാന്‍, പിതാവ് സലിം ഖാന്‍, സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് അഭിനവ് പറയുന്നു.

സല്‍മാന്‍ ഖാന്റെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാന്‍ തയാറാവാത്തതിന്റെ പേരിലാണ് ഇത്രയും പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇത് താന്‍ നേരിട്ട് അനുഭവിക്കുന്നതാണെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അഭിനവ് സമൂഹമാധ്യമത്തില്‍ ഇന്നലെ, ചൊവ്വാഴ്ച (16-06-20) പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. സുശാന്തിനെപ്പോലെ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും അവസരങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പേരിലോ അഭിമാനത്തോടെ ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലോ ഇനിയൊരാള്‍ ബോളിവുഡില്‍ ബലിയാട് ആകാതിരിക്കുന്നതിനാണ് തന്റെ ശ്രമമെന്നും അഭിനവ് പറഞ്ഞു.

കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളുണ്ടായി. ഇവരുടെ നിരന്തരശല്യം നിമിത്തം വിവാഹബന്ധം വരെ വേര്‍പ്പെടുത്തേണ്ടി വന്നു. സല്‍മാന്‍ ഖാന്‍ നായകനായ ദബാങ്ങിന്റെ സംവിധായകനായിരുന്നു അഭിനവ് സിങ് കശ്യപ്. എന്നാല്‍, ഈ ചിത്രത്തിനു ശേഷം സ്വതന്ത്രമായി മറ്റൊരു സിനിമ ചെയ്യാന്‍ മറ്റ് നിര്‍മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ അഭിനവ് ശ്രമിച്ചു. അപ്പോള്‍ സല്‍മാന്‍ ഖാന്റെ ഭീഷണികള്‍ക്കു മുന്‍പില്‍ ആ കമ്പനികള്‍ പിന്മാറി. ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്‍ ഖാന്റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു.

ചിത്രത്തിന്റെ റിലീസ് തടയാന്‍ സല്‍മാന്റെ ഭാഗത്തു നിന്ന് വഴിവിട്ട ശ്രമങ്ങളുണ്ടായി. അതോടെ വിതരണ കമ്പനികള്‍ പിന്മാറി. എങ്കിലും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രം തിയറ്ററുകളിലെത്തിച്ചു. സിനിമയെയ്‌ക്കെതിരെ വ്യാപക ട്രോളുകളും പ്രചാരണങ്ങളും നടത്തി ചിത്രത്തെ പരാജയപ്പെടുത്താനും സല്‍മാന്‍ ഖാന്‍ ശ്രമിച്ചെന്ന് അഭിനവ് പറയുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴും സല്‍മാന്‍ ഖാന്റെ കുടുംബത്തിന്റെ ഇടപെടലുണ്ടായെന്ന് അഭിനവ് ആരോപിച്ചു. മീ ടൂ, ബോയ്‌കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളോടെ അഭിനവ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *