തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കാലിത്തീറ്റയില്‍ കൂടിയ അളവില്‍ മായമെന്ന ആക്ഷേപം പണ്ടേയുള്ളതാണ്. പുല്ലും വൈക്കോലും ചക്കമടലൂം വീട്ടിലെ കാടിവെള്ളവും കഴിച്ച് പാല്‍ചുരത്തിയിരുന്ന നമ്മുടെ കന്നുകാലികള്‍ക്ക് കൂടുതല്‍ പാല് ലഭിക്കാനായി സമീകൃതാഹാരമെന്ന കാലിത്തീറ്റ കൊടുക്കാന്‍ തുടങ്ങിയതോടെയാണ് ഈ ദുരവസ്ഥയുണ്ടായത്.
വിവിധ ഘടകങ്ങള്‍ ചേര്‍ത്ത് കാലിത്തീറ്റ നിര്‍മിച്ചുകഴിഞ്ഞാല്‍ രണ്ട് ആഴ്ചയ്ക്കകം ഉപയോഗിച്ചിരിക്കണം. ഇല്ലെങ്കില്‍ ഈര്‍പ്പം ബാധിച്ച് അവയില്‍ പൂപ്പല്‍ പടരാനിടയാവും. കാലിത്തീറ്റ വന്‍തോതില്‍ സംഭരിച്ച് ഗോഡൗണുകളില്‍ കൂട്ടിയിടുന്നതുമൂലമാണ് ഇങ്ങനെ പൂപ്പലുണ്ടാവുന്നത്. ഇത്തരത്തില്‍ പഴക്കമേറിയതും പൂപ്പല്‍ പടര്‍ന്നതുമായ കാലിത്തീറ്റ നല്കിയാല് കന്നുകാലികള്‍ക്ക് ദഹനക്കേട് ഉണ്ടാവുമെന്നു മാത്രമല്ല പാല് തീരെ കിട്ടാതാവും ദീനംബാധിച്ച് അവ ചത്തുപോകുന്നതിനും കാരണമാവും.
കേരളത്തിലെ കന്നുകാലികളില്‍ ഉദരരോഗങ്ങള്‍ പതിവായതോടെ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയില്‍ കാലിത്തീറ്റയില്‍ പൂപ്പലിനു പുറമേ വന്‍തോതില്‍ മായം കലര്‍ത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാറപ്പൊടി, മണ്ണ് തുടങ്ങിയവ വരെ കലര്‍ത്തിയതായി കണ്ടെത്തി. 100 കിലോ കാലിത്തീറ്റയില്‍ 25 കിലോ വരെയാണ് ഇത്തരം വസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതായി തെളിഞ്ഞത്. ഇത്തരം കാലിത്തീറ്റ പതിവായി കൊടുക്കുമ്പോള്‍ കന്നുകാലികള്‍ക്ക് കുടലില്‍ കാന്‍സര്‍, അള്‍സര്‍ തുടങ്ങിയവയ്ക്ക് കാരണമാവുന്നു.
പ്രൊട്ടീന്‍ ലഭ്യമാക്കുന്ന ഘടകങ്ങള്‍ കാലിത്തീറ്റയില്‍ 20 ശതമാനം ചേര്‍ക്കണമെന്നാണ് നിയമം. ചോളം, പൊടിയരി, കോതമ്പ്, പരുത്തിക്കുരു, തേങ്ങാപ്പിണ്ണാക്ക്, സോയാബീന്‍, തവിട്, നന്നായി ഉണക്കിപ്പൊടിച്ച മത്സ്യാവശിഷ്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം പ്രൊട്ടീന്‍ നന്നായി അടങ്ങിയിട്ടുണ്ട്. കാലിത്തീറ്റയില്‍ ഇവ ചേര്‍ത്താല്‍ കാലികള്‍ നന്നായി ഭക്ഷിക്കുകയും നല്ലനിലയില്‍ പാല് ലഭിക്കുകയും ചെയ്യും. പശുക്കളും അവയുടെ കിടങ്ങളും നല്ല ആരോഗ്യത്തോടെ വളരുകയും ചെയ്യും.
എന്നാല്‍, വഴിയരികില്‍ കാണുന്ന കാട്ടുസൂര്യകാന്തി, കമ്മ്യൂണിസ്റ്റ് പച്ച, പാര്‍ത്തീനിയം തുടങ്ങി പാഴ്ച്ചെടികള് ഉണക്കിപ്പൊടിച്ചത്, പാറപ്പൊടി, മണ്ണ് മുതലായവയൊക്കെയാണ് ഇപ്പോള്‍ കാലിത്തീറ്റയില്‍ കലര്‍ത്തുന്നത്. കാലിത്തീറ്റയിലെ ഘടകങ്ങള്‍ കൂടുതലായി എത്തുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന് തുടങ്ങിയ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്. തമിഴ്നാട്ടില്‍നിന്ന് കാലിത്തീറ്റയായിട്ടാണ് ഏറിയകൂറും വരവ്.
ഒരു കറവപ്പശുവിന് ഒരു ദിവസം 35 കിലോ പച്ചപ്പുല്ലും രണ്ടര കിലോ സമീകൃത ആഹാരവും നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന കാലിത്തീറ്റ ഇതിന് മതിയാവുകയില്ല. ഇതിനാലാണ് പുറത്തുനിന്നുള്ള കാലിത്തീറ്റയെ നാം ആശ്രയിക്കുന്നത്. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വര്‍ധിച്ച ഡിമാന്‍ഡ് കണ്ടിട്ടാണ് അമിതലാഭക്കൊതിയന്മാര് പശുക്കള്‍ക്ക് അത്യന്തം മാരകമായ വസ്തുക്കള്‍ കാലിത്തീറ്റയില്‍ ചേര്‍ക്കുന്നത്.
കാലിത്തീറ്റയുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കണമെന്നും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിന്റെ അംഗികാരം ഇല്ലാത്തവ നിരോധിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ നല്കുന്ന പാലിന്റെ ഗുണനിലവാരം അടിക്കടി പരിശോധിക്കുന്ന അധികൃതര്‍ കേരളത്തില്‍ വിറ്റഴിക്കുന്ന നിലവാരംകുറഞ്ഞ കാലിത്തീറ്റ പരിശോധിക്കാത്തതെന്തെന്നാണ് ക്ഷീരകര്‍ഷകര്‍ ചോദിക്കുന്നത്.



