തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ കേരളത്തില്‍നിന്ന് ഒരു മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, 2021ല്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടായിരിക്കും തീരുമാനം എടുക്കുക. കേന്ദ്രനേതൃത്വം ഉചിതമായ തീരുമാനം എടുക്കട്ടേയെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍. നടന്‍ സുരേഷ് ഗോപി എംപിയുടെ പേരാണ് മന്ത്രിസ്ഥാനത്തേക്ക് മുഖ്യമായി പറഞ്ഞുകേള്‍ക്കുന്നത്. നിലവില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണ് സുരേഷ് ഗോപി. കാലാവധി അവസാനിച്ചാല്‍ വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെടാന്‍ സര്‍വഥാ യോഗ്യനുമാണ്. ഇതാണ് സുരേഷ് ഗോപിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് ഘടകം.
എന്നാല്‍, വേറെ ഏതാനും നേതാക്കളും മന്ത്രിസ്ഥാനത്തിനായി സജീവ പരിഗണനയിലുണ്ട്. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയശേഷം കോണ്‍ഗ്രസിലൂടെ ബിജെപിയിലെത്തിയ എ പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളും സജീവമാണ്. സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും അബ്ദുള്ളക്കുട്ടി പുറത്താവാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു എന്നതാണ്. കോണ്‍ഗ്രസില്‍നിന്ന് പുറത്തായ എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തുകയും സംസ്ഥാന ഉപാധ്യക്ഷനാവുകയും ചെയ്തു.
കേന്ദ്രമന്ത്രി വി മുരളീധരനോട് ഏറെ അടുപ്പംപുലര്‍ത്തുന്ന നേതാവാണ് അബ്ദുള്ളക്കുട്ടി. അബ്ദള്ളക്കുട്ടിയെ ഉയര്‍ന്ന എന്തെങ്കിലും പദവിയില്‍ എത്തിക്കുന്നത് മറ്റ് പാര്‍ട്ടികളില്‍നിന്ന് ബിജെപിയില്‍ എത്തുന്നവര്‍ക്കുള്ള സന്ദേശമാവുമെന്നും മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനു കഴിയുമെന്നും അഭിപ്രായമുണ്ട്. പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. കൊവിഡ് പ്രതിരോധവും അതിര്‍ത്തികളിലെ പ്രശ്‌നപരിഹാരവും പോലെതന്നെ നേതൃത്വത്തിന്റെ സജീവപരിഗണനയിലാണ് കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയും.