ജയലളിതയുടെ സ്വത്തിന് അവകാശികള്‍ മരുമക്കളാണെന്ന് മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു

ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശികള്‍ മരുമക്കളാണെന്ന് മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു. പെയ്‌സ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകമാക്കാനും ബാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജയലളിതയുടെ സ്വത്തുക്കളുടെ ഒരുഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ദീപയും ദീപക്കും കോടതിയെ അറിയിച്ചിട്ടുണ്ട്. ജയലളിതയുടെ സ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്നുകാട്ടി ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപ ജയകുമാറും ദീപകും രണ്ടുവര്‍ഷം മുമ്പാണ് ഹൈക്കോടതിയെ സമീപിച്ചത്. അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ വേദനിലയത്തെ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.

സംസ്ഥാന സര്‍ക്കാര്‍ വേദനിലയം താല്‍കാലികമായി കൈവശപ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. വേദനിലയത്തെ സ്മാരകമായി മാറ്റുന്നതിന് പുരട്ച്ചി തലൈവി ഡോ. ജെ ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാനും ഓര്‍ഡിനന്‍സില്‍ നിര്‍ദേശിച്ചിരുന്നു. കോടതിയുത്തരവ് ഇതിനു തിരിച്ചടിയായി. ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജയലളിതയുടെ അനന്തരവള്‍ ജെ ദീപയെയും അനന്തരവന്‍ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →