റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് – 19 മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് കഷ്ടതകള്‍ അനുഭവിക്കുന്ന പി എഫ് ആന്‍ഡ് എം പി ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആശ്വാസം നല്‍കുന്നതിനുള്ള വ്യത്യസ്ത കരുതലുകള്‍ യഥാസമയം ഇ പി എഫ് ഒ പ്രഖ്യാപിച്ചിട്ടുണ്ട്.

ആത്മനിര്‍ഭര്‍ പാക്കേജിനു കീഴില്‍ ഇ പി എഫ്  പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ മേയ്, ജൂണ്‍, ജൂലായ് മാസത്തേയ്ക്കുള്ള പി.എഫ്. വിഹിതം വ്യവസ്ഥ ചെയ്തിരിക്കുന്ന 12% നിരക്കില്‍ നിന്നും 10% ആയി കുറച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം ഇ പി എഫ് ഒ-യുടെ വെബ്‌സൈറ്റിലുള്ള കോവിഡ്-19 എന്ന ടാബില്‍ ലഭ്യമാണ്.

ഈ നിരക്ക് കുറയ്ക്കല്‍ കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കോ, കേന്ദ്ര-സംസ്ഥാന ഉടമസ്ഥതയിലുള്ളതോ അവയുടെ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. ഇത്തരം സ്ഥാപനങ്ങള്‍ വേതനത്തിന്റേയും ക്ഷാമബത്തയുടേയും 12% തന്നെ പി.എഫ് വിഹിതമായി അടയ്ക്കണം.

തൊഴിലാളിയുടെ 12% പി.എഫ്. വിഹിതവും, തൊഴിലുടമ അടയ്‌ക്കേണ്ട ഇ.പി.എഫ്/ഇ.പി.എസ്. വിഹിതമായ 12%-വും ചേര്‍ത്ത് 24% കേന്ദ്ര ഗവണ്മെന്റ് വഹിക്കുന്നതിനാല്‍ പി എം ജി കെ വൈ ഗുണഭോക്താവിന് ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കുന്നതല്ല.

4.3 കോടിയോളം തൊഴിലാളികള്‍ക്കും 6.5 ലക്ഷം തൊഴിലുടമകള്‍ക്കും ഒരു പരിധിവരെ ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യുക എന്ന ഉദ്യേശ്യത്തിലാണ് ഇ.പി.എഫ്. വിഹിതം വേതനത്തിന്റേയും ക്ഷാമബത്തയുടേയും 12%-ല്‍ നിന്നും 10% ആക്കി കുറയ്ക്കുക വഴി ലക്ഷ്യം വച്ചത്.

പി.എഫ്. നിരക്ക് 12%-ല്‍ നിന്നും 10% ആയി കുറച്ചതുവഴി പി.എഫ്. വിഹിതത്തിനായി മാറ്റേണ്ടിവരുമായിരുന്ന തുകയില്‍ കുറവ് വരുകയും, അതുവഴി തൊഴിലാളിക്ക് ലഭ്യമാകുന്ന വേതനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു. അതോടൊപ്പം തൊഴിലുടമയുടെ ബാധ്യതയിലും 2% നിരക്കില്‍ കുറവുണ്ടാകുകയും ചെയ്യുന്നു. 10000 രൂപ മാസവേതനമുള്ള തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും പി.എഫ്. വിഹിതമായി 1200 രൂപയ്ക്ക് പകരം 1000 രൂപ പിടിച്ചാല്‍ മതിയാകും. അതോടൊപ്പം തൊഴിലുടമയും 1200 രൂപയുടെ സ്ഥാനത്ത് പി.എഫ്. വിഹിതമായി 1000 രൂപ അടച്ചാല്‍ മതിയാകും.

കോസ്റ്റ് ടു കമ്പനി മാതൃക (Cost to Company Model) പ്രകാരം 10000 രൂപയാണ് ഇ.പി.എഫ്. വേതനമെങ്കില്‍ തന്റെ വേതനത്തില്‍ നിന്നും ഇ.പി.എഫ്. ഇനത്തില്‍ 200 രൂപ കുറച്ച് പിടിക്കുക വഴി തൊഴിലാളിക്ക് തൊഴിലുടമയില്‍ നിന്നും 200 രൂപ നേരിട്ട് ലഭ്യമാകുന്നു.

ഇ.പി.എഫ്. സ്‌കീം 1952 പ്രകാരം, ഏതൊരു തൊഴിലാളിക്കും നിയമപ്രകാരമുള്ള 10% നിരക്കിനുമുകളില്‍ പി.എഫ്. വിഹിതം അടയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, തൊഴിലുടമയ്ക്ക് തന്റെ വിഹിതം 10% ആയി നിജപ്പെടുത്താവുന്നതാണ്.  

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1625853

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *