കാസര്‍കോട്: കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍. മംഗല്‍പാടി ഹെരൂര്‍ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വൈകുന്നത്. ഇതുമൂലം സംസ്‌കാര ചടങ്ങുകള്‍ നടത്താനാവാത്ത വിഷമത്തിലാണ് കുടുംബാംഗങ്ങള്‍.
ദേഹാസ്വാസ്ഥ്യം തോന്നിയ ഉടന്‍ ശോഭയെ മംഗല്‍പാടി ആശുപത്രിയിലെത്തിച്ചു. പനിയും ചുമയും ഉണ്ടായിരുന്നതിനാല്‍ കോവിഡ് പരിശോധന വേണമെന്ന് ജനറല്‍ ആശുപത്രിയില്‍നിന്ന് അറിയിച്ചു. ഈ പരിശോധനഫലം നെഗറ്റീവായിരുന്നു. ഞായറാഴ്ച്ചയാണ് ശോഭ മരിച്ചത്. ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസമായി വീട്ടുകാര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയാണ്.
നാല് ദിവസം കഴിഞ്ഞതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി വേഗം വിട്ടുതരണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് മരണകാരണം എഴുതാത്തതിനാല്‍ ഫോറന്‍സിക് അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താനാകൂവെന്നും അതിനാല്‍ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകണമെന്നുമാണ് ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പരിയാരത്തേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി തങ്ങള്‍ക്കില്ലെന്നും കുടുംബം അറിയിച്ചു. ഇതോടെ നടപടിക്രമങ്ങളുടെ നൂലാമാലകളിലായി പോസ്റ്റ്‌മോര്‍ട്ടവും സംസ്‌കാരവും.