തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യംവാങ്ങാനുള്ള ആപ്പ് തയ്യാറായി; ശനിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും. മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് ബെവ്ക്യൂ (Bev Q) തയ്യാറായിക്കഴിഞ്ഞു. നാളെയും മറ്റന്നാളും ട്രയല്‍റണ്‍ നടത്തും. ശനിയാഴ്ച മുതല്‍ മദ്യവില്‍പന നടത്താനാണ് തീരുമാനം. വൈകീട്ട് അഞ്ചുമണിവരെയായിരിക്കും മദ്യവില്‍പന. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ പ്രകാരമായിരിക്കും മദ്യം ലഭിക്കുക.
ഉപഭോക്താവിന് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷണം പരാജയപ്പെട്ടാല്‍ മദ്യവില്‍പന വീണ്ടും വൈകും. ഒരാള്‍ക്ക് പത്തുദിവസത്തിനുള്ളില്‍ മൂന്നു ലിറ്റര്‍ മദ്യംവരെ വാങ്ങാം. ടോക്കണ്‍ കിട്ടിയ ദിവസം മദ്യംവാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിറ്റേന്നു വാങ്ങാനും കഴിയും.
ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് സമ്മതംപത്രം നല്‍കിയ ബാറുകള്‍, ബുക്ക് ചെയ്യുന്ന ആളിന്റെ സമീപപ്രദേശത്തുള്ള ഔട്ട്ലെറ്റുകള്‍, ബ്രാന്‍ഡുകള്‍, വില എന്നിവ അടക്കമുള്ള വിവരങ്ങളാണ് ആപ്പിലുള്ളത്. ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കുമെന്ന് കാണിച്ച് വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് പ്രത്യേക പേരില്‍ ആപ്പ് ഇറക്കാന്‍ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. കൊച്ചിയിലുള്ള ഒരു സ്വകാര്യ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.



