റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: പാര്‍ട്ടി നേതാക്കള്‍ 14കാരിയുടെ കൈകള്‍ പിറകിലേക്ക് ബന്ധിച്ചശേഷം വായില്‍തുണി തിരുകി ജീവനോടെ കത്തിച്ച സംഭവം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ നേര്‍ചിത്രമാവുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും തമിഴ്‌നാട്.

പത്താംക്ലാസുകാരിയായ വിദ്യാര്‍ഥിനി ജയശ്രീയാണു കൊല്ലപ്പെട്ടത്. പിതാവിനോടുള്ള വിദ്വേഷത്തിന്റെ പേരിൽ 15കാരിയായ മകളെ വീട്ടില്‍കയറി തീകൊളുത്തി കൊന്നത് തിങ്കളാഴ്ചയാണ്.

സംഭവത്തില്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പ്രാദേശിക എഐഡിഎംകെ നേതാക്കളും കൊലപാതക കേസിലെ പ്രതികളുമായ മുരുകന്‍, കാളിയ പെരുമാള്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. ഇവരെ മറ്റൊരു കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നില്‍ ഇരിക്കുകയായിരുന്നു ജയശ്രീ. ഈ സമയത്ത് കടയിലെത്തിയ എഐഎഡിഎംകെ നേതാക്കളായ മുരുകന്‍, കാളിയ പെരുമാള്‍ എന്നിവര്‍ സാധനങ്ങള്‍ ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവുമായി വഴക്കുണ്ടാക്കി. പിന്നാലെ പെണ്‍കുട്ടിയുടെ കൈകള്‍ പിറകിലേക്ക് കെട്ടി വായില്‍ തുണിതിരുകിയശേഷം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ ഉടന്‍ വില്ലുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറുമായി പ്രതികള്‍ക്കുണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറയുന്നു. ജയകുമാറിന്റെ സഹോദരനെ മര്‍ദിച്ച കേസില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഇരുവരും. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു. ജനകീയ പ്രതിഷേധം ശക്തമായതോടെ സംഭവം അണ്ണാഡിഎംകെയ്ക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായി. മനസാക്ഷിയെ നടുക്കിയ അരുംകൊലയ്ക്ക് ശക്തമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *