റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോന്നിയിലെ നരഭോജിയെ പിടിക്കാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധരും എത്തി

May 11, 2020 - 12:47 pm

കോന്നി: തണ്ണിത്തോട്ടിലെ നരഭോജി കടുവയെ പിടികൂടാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധ സംഘവുമായി വനപാലകര്‍. പിടികൊടുക്കാതെ നരഭോജി കടുവ. കടുവ രാത്രകാലങ്ങളില്‍ നാട്ടിലിറങ്ങി വീടുകളുടെ പരിസരത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമാലം നാട്ടുകാര്‍ ഭീതിയിലാണ്. ഇതിനിടെ കടുവയെ പിടികൂടാന്‍ കെണിയൊരുക്കി മൂന്നുദിവസം കാത്തിരുന്നെങ്കിലും കടുവ അതില്‍ വീണില്ല. അതാണ് കുങ്കിയാനയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

കഴിഞ്ഞദിവസം രാവിലെ റബര്‍ ടാപ്പിങിനു പോയ തൊഴിലാളി വിനീഷ് മാത്യുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മറ്റൊരുദിവസം വീടിന്റെ മുറ്റത്ത് അയയില്‍ കിടന്ന മനുഷ്യന്റെ ഗന്ധമുള്ള തോര്‍ത്ത് കടുവ കടിച്ചെടുത്ത് കൊണ്ടുപോയിരുന്നു. തണ്ണിത്തോട്ടില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തി കറങ്ങിനടക്കുന്ന നരഭോജി കടുവയെ കെണിയില്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ മൂന്നുദിവസം ആയിട്ടും ഫലം കണ്ടില്ല. എല്ലാ ദിവസവും രാത്രികാലങ്ങളില്‍ മാറിമാറി വീടുകളുടെ മുറ്റത്തെത്തുന്ന കടുവ നാട്ടുകാരുടെ ഭയം വര്‍ധിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി 10.15 ന് ഇഞ്ചപൊയ്കയില്‍ സന്തോഷിന്റെ വീട്ടുമുറ്റത്തുവരുകയും കുടപ്പനക്കുളത്തെ മറ്റൊരു വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് കോഴിയെ കടിച്ചുകൊണ്ടു പോവുകയും ചെയ്തു.

വയനാട്ടില്‍നിന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജനും മയക്കുവെടി വിദഗ്ധനുമായ ഡോ. അരുണ്‍ സക്കറിയ, എലിഫന്റ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ആഷിഫ്, രണ്ട് ആന പാപ്പാന്മാര്‍ എന്നിങ്ങനെ 13 അംഗ സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ഞായറാഴ്ച സംഘം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനീഷ് മാത്യുവിന്റെ മൃതദേഹം കിടന്ന പ്ലാന്റേഷന്‍ സി ഡിവിഷനില്‍ പരിശോധന നടത്തി. ക്യാമറകളിലെയും ഡ്രോണുകളിലെയും ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള കെണി കൂടുകള്‍ ചെറുതായതിനാല്‍ വയനാട്ടില്‍നിന്ന് രണ്ട് വലിയ കെണികള്‍ എത്തിക്കും. ഈ കൂടുകളില്‍ ആടുകള്‍ക്ക് പകരം പോത്തിനെ ഇടും. ഈ കെണിയില്‍ വീഴാത്തപക്ഷം ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കടുവയുടെ സ്ഥാനം കണ്ടെത്തി കുങ്കിയാനയുടെ പുറത്ത് കയറിച്ചെന്നാകും മയക്ക് വെടിവയ്ക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *