റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിര്‍ത്തിയില്‍ പാകിസ്താന്റെ കൈയേറ്റത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

May 9, 2020 - 2:09 pm

ഡല്‍ഹി: ജമ്മു- കശ്മീര്‍ അതിര്‍ത്തിപ്രശ്‌നം വീണ്ടുമുയര്‍ത്തി പാകിസ്താന്‍ നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തില്‍ ഇന്ത്യയും മറുപടി നല്‍കാനൊരുങ്ങുന്നു. പാക് അധീന കശ്മീരിലെ പ്രദേശങ്ങളില്‍കൂടി ഇന്ത്യ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നതിനെതിരേയാണ് എതിര്‍പ്പുമായി പാകിസ്താന്‍ രംഗത്തെത്തിയത്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ മാപ്പുകള്‍ നിര്‍മിക്കുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും പാകിസ്താന്‍ ആരോപിക്കുന്നു. ഈ പ്രദേശങ്ങളുടെ പദവിയെ സംബന്ധിച്ച് ഇന്ത്യ തീരുമാനം കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ നീക്കം ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്താന്റെ പ്രധാന ആരോപണം.

കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍, പാകിസ്താന്‍ കൈയടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍കൂടി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അടുത്തകാലത്ത് ഉള്‍പ്പെടുത്തിയിരുന്നു. ഇതുവരെ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം ഇന്ത്യ ഒഴിവാക്കുകയാണു ചെയ്തിരുന്നത്. പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍കൂടി വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദൂരദര്‍ശനോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് രാജ്യത്തെ ഏതാനും സ്വകാര്യ ചാനലുകളും ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു.

പാക് അധീന കാശ്മീരിലെ വടക്കന്‍ പ്രദേശങ്ങളില്‍(ഗില്‍ജിത്- ബാള്‍ട്ടിസ്താന്‍) തിരഞ്ഞെടുപ്പു നടത്താന്‍ പാകിസ്താന്‍ സുപ്രിംകോടതി അടുത്തിടെ പാക് ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. നിയമവിരുദ്ധമായ ഈ തീരുമാനത്തിനുള്ള ശക്തമായ മറുപടിയുടെ ഭാഗമാണ് ഇന്ത്യയുടെ ഈ പുതിയ നീക്കം.

മാസങ്ങള്‍ക്കു മുമ്പുതന്നെ ഇക്കാര്യം സംബന്ധിച്ച് ഡെപ്യൂട്ടി എന്‍എസ്എ ആയ രജീന്ദര്‍ ഖന്ന, വിദേശ- ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയുടെ ഇന്റലിജന്‍സ് സ്ഥാപനങ്ങളായ റോ(റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്), കേന്ദ്ര ഇന്റലിന്‍സ് ബ്യൂറോ എന്നിവര്‍ക്കും ഈ നിര്‍ദേശം ലഭിച്ചിരുന്നു.

പാകിസ്താന്‍ കൈയടക്കി വച്ചിരിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കും എന്ന ദൃഢനിശ്ചയം ഇന്ത്യ ഒന്നുകൂടി ശക്തമാക്കിയെന്നാണ് പാകിസ്താന്റെ വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യ ശക്തമായി ഈ നിലപാടെടുക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് ഞങ്ങളുടെ ടെറിട്ടറിയാണ്. അതില്‍ പരമാധികാരം ഉറപ്പിക്കാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണെന്ന പ്രസ്താവന പാകിസ്താനെ ലക്ഷ്യംവച്ച് രാജ്യം പുറത്തുവിടുന്ന പ്രധാന സന്ദേശമാണെന്ന് അജിത് ഡോവല്‍ വ്യക്തമാക്കിയതായും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *