റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർണാടകയിൽ അതിർത്തിയടവിന് ഇളവ്: പച്ചക്കറികളെത്തിത്തുടങ്ങി

March 29, 2020 - 10:33 am

കോഴിക്കോട് മാർച്ച്‌ 29: ലോക്ഡൗണിനെ തുടർന്ന് കർണാടകയിൽ അതിർത്തി റോഡുകൾ അടച്ചതിനെത്തുടർന്നുള്ള പ്രശ്നത്തിന് പരിഹാരമായതോടെ പച്ചക്കറി വ്യാപാരികൾക്ക് ആശ്വാസം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറിക്കാരെ തടയുന്നത് ഒഴിവാക്കിയത്. ഇതോടെ പാളയമുൾപ്പെടെയുള്ള മാർക്കറ്റുകളിലേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിത്തുടങ്ങി. എങ്കിലും കർണാടകയിലെ പല ഭാഗങ്ങളിലും പ്രശ്നം തുടരുന്നുണ്ട്.

ശനിയാഴ്ച മാർക്കറ്റിൽ താരതമ്യേന നല്ല രീതിയിൽ പച്ചക്കറികളെത്തി. സാധാരണ ഉള്ളിയും ഉരുളക്കിഴങ്ങുമൊഴികെ 12-15 ലോഡ് പച്ചക്കറി മാർക്കറ്റിലെത്താറുണ്ട്. ഇപ്പോഴത് അഞ്ചാറ് ലോഡ് മാത്രമാണ്. ആവശ്യക്കാർ കുറവായതുകൊണ്ട് പച്ചക്കറിക്ക് വലിയ ക്ഷാമമൊന്നുമുണ്ടാകാനിടയില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

കഴിഞ്ഞദിവസം മുതലാണ് കർണാടക പല റോഡുകളും അടച്ചത്. പച്ചക്കറിക്ക് വേണ്ടി പ്രധാനമായും ആശ്രയിക്കുന്ന മൈസൂരുൾപ്പെടെയുള്ള ഭാഗത്തേക്ക് ലോറികളെ വിടാൻപോലും തയ്യാറായില്ല. ഇതോടെ ചരക്കില്ലാതെ മടങ്ങേണ്ട സ്ഥിതിയിലായിരുന്നു ലോറിക്കാർ.

അതേസമയം കർണാടകയുടെ പല ഭാഗങ്ങളിലാണ് ഓരോതരം പച്ചക്കറികളുള്ളത്. ഇത്തരത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര ഇപ്പോഴും ബുദ്ധിമുട്ടാവുന്നുണ്ട്. ശനിയാഴ്ച കാട്ടിക്കുളം വഴി പോയ ലോറി അവിടെനിന്ന് തിരിച്ചുവിട്ടു. തുടർന്ന് മാനന്തവാടി മുത്തങ്ങ വഴി വണ്ടി വിടേണ്ടിവന്നു. അതിർത്തികളിലെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടോയെന്ന് തിങ്കളാഴ്ച മാത്രമാണ് മനസ്സിലാവുകയെന്ന് പാളയത്തെ വെജിറ്റബിൾ ഉടമ പറഞ്ഞു. ചില പച്ചക്കറികളുടെ ലഭ്യതയിൽ മാത്രമേ കുറവുള്ളൂ. അതുകൊണ്ടുതന്നെ പച്ചക്കറിക്ക് വലിയ വിലവ്യത്യാസമൊന്നും ഇല്ല.

കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള പരിശോധനയും കർശനമായതോടെ കടകളിലെല്ലാം തന്നെ വിലവിവരപ്പട്ടിക വെച്ചിട്ടുണ്ട്. പഴവർഗങ്ങൾക്കും വില കൂടിയിട്ടില്ല. നേന്ത്രപ്പഴം-23, റോബസ്റ്റ്- 20, മൈസൂർ-22, ആപ്പിൾ-100-110, ഓറഞ്ച്-40-42 എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ മൊത്തവില.
‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *