കൊയിലാണ്ടി മാർച്ച് 29: കൊറോണ വൈറസ് പരക്കുന്ന സാഹചര്യത്തിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് റേഷൻ വ്യാപാരികൾ റേഷൻവിതരണം നടത്തുന്നതെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന റേഷൻകടകളിൽ വ്യാപാരികൾക്കാവശ്യമായ ഗുണനിലവാരമുള്ള മുഖാവരണങ്ങളോ കൈയുറകളോ വിതരണം ചെയ്തിട്ടില്ല.
എല്ലാ റേഷൻകടകളിലും ആളുകൾ കൂടിനിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മാവേലി സ്റ്റോറിലും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാർക്കും രോഗപ്രതിരോധം തടയുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം നേരിടുമെന്ന് ഭയന്ന് എല്ലാ കാർഡുടമകളും റേഷൻ വാങ്ങാൻവരുന്ന അവസ്ഥയാണ്.
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യാപാരികൾക്ക് രോഗ പ്രതിരോധത്തിനുള്ള കിറ്റുകൾ അടിയന്തരമായി വിതരണം ചെയ്യണം.
ഏപ്രിൽ ഒന്നുമുതൽ സൗജന്യറേഷൻ നൽകുന്നതു കൊണ്ട് റേഷൻകടകളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനുവേണ്ടി പോലീസിനെയോ മറ്റു വൊളന്റിയർമാരെയോ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.



