ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിച്ചതായി ആദിവാസികള്‍, കുടില്‍കെട്ടി പ്രതിഷേധം

ഇടുക്കി ഒക്ടോബര്‍ 29: ഇടുക്കി പെരിഞ്ചാംകുട്ടി വനഭൂമിയിലെ ആദിവാസികളാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. ആദിവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസികളുടെ സമരം. പുനരധിവാസം ഉടന്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഭൂമി നല്‍കുന്നതില്‍ പരാതിയില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഭൂമി കിട്ടുന്നത് വരെ സമരം തുടരുമെന്നും ആദിവാസികള്‍ പറഞ്ഞു.

വിവിധ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട എഴുപതോളം കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 2012ല്‍ ഇവിടെനിന്ന് നിരവധി ആദിവാസി കുടുംബങ്ങളെ കുടിയിറക്കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ താമസിച്ചിരുന്നത് റവന്യൂ ഭൂമിയിലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. അതിന്ശേഷം കുടിയൊഴിപ്പിച്ച 158 കുടുംബങ്ങള്‍ക്ക് പെരിഞ്ചാംകുട്ടിയില്‍ ഒരേക്കര്‍ വീതം ഭൂമി നല്‍കാന്‍ 2018ല്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഒരു വര്‍ഷമായിട്ടും പുനരധിവാസം നടപ്പാകാത്തതിനാലാണ് ആദിവാസികളുടെ കുടില്‍കെട്ടി സമരം.

Share
അഭിപ്രായം എഴുതാം