സിഡ്നി: ഫെയ്സ്ബുക്കും ഗൂഗിളും അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്താ ഉള്ളടക്കം സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിര്‍ദിഷ്ട ഓസ്ട്രേലിയന്‍ നിയമത്തോടുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഫെയ്‌സ്ബുക്ക്.ദിവസങ്ങളോളം ഓസ്ട്രേലിയന്‍ വാര്‍ത്തകള്‍ ബ്ലോക്ക് ചെയ്ത ശേഷമാണ് പുതിയ നീക്കം. ഓസ്ട്രേലിയന്‍ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബെര്‍ഗ് പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഫെയ്സ്ബുക്കും ഗൂഗിളും അടക്കമുള്ള അമേരിക്കന്‍ ഡിജിറ്റല്‍ വമ്പന്മാര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കും. പകരമായി മാധ്യമങ്ങള്‍ക്കു നിയമപരമായി തന്നെ പണം നല്‍കണമെന്ന വ്യവസ്ഥയില്‍നിന്ന് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് താല്‍ക്കാലിക ഇളവ് ലഭിക്കും. ധാരണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഓസ്ട്രേലിയന്‍ മാധ്യമകമ്പനിയായ സെവന്‍ വെസ്റ്റുമായി ഫെയ്സ്ബുക്ക് ധാരണയിലെത്തി. കൂടുതല്‍ പ്രാദേശിക മാധ്യമങ്ങളുമായി ഇത്തരം ധാരണ ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ നേരത്തേ തന്നെ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ് അടക്കമുള്ള വമ്പന്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളുമായി ധാരണയിലെത്തിയിരുന്നു.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അടിയന്തര സേവനങ്ങളടക്കമുള്ള പേജുകളും ഫെയ്സ്ബുക്ക് വിലക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
