ഓങ് സാന്‍ സൂചിയേയും കൂട്ടരേയും ഉടന്‍ സ്വതന്ത്രരാക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: പട്ടാളത്തടവിലായ മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചിയേയും കൂട്ടരേയും ഉടന്‍ സ്വതന്ത്രരാക്കണമെന്ന ആവശ്യവുമായി അമേരിക്ക. സൂചിയെ ഉടന്‍ വിട്ടയയ്ക്കണമെന്നും ഇല്ലെങ്കില്‍ വൈറ്റ്ഹൗസ് അതിശക്തമായി പ്രതികരിക്കുമെന്നും അമേരിക്ക മ്യാന്മര്‍ മിലിറ്ററിയെ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് ഓങ് സാന്‍ സൂചിയും മ്യാന്മര്‍ പ്രസിഡന്റ് വിന്‍ മ്യന്‍ടും ഉള്‍പ്പെടെയുള്ളവരെ പട്ടാളഅട്ടിമറിനീക്കത്തിന്റെ ഭാഗമായി മിലിറ്ററി പട്ടാളത്തടവിലാക്കിയത്.

തെരഞ്ഞെടുപ്പിനേയും ജനാധിപത്യസംവിധാനങ്ങളേയും അട്ടിമറിക്കാനുള്ള എല്ലാവിധ ശ്രമങ്ങളേയും തങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അമേരിക്ക പറഞ്ഞു. എത്രയും പെട്ടെന്ന് സൂചിയേയും കൂട്ടരേയും വിട്ടയച്ച് ജനാധിപത്യവ്യവസ്ഥ പുനസ്ഥാപിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസിന് മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അമേരിക്ക മ്യാന്മര്‍ മിലിറ്ററിക്ക് താക്കീത് നല്‍കി.

‘അമേരിക്ക ബര്‍മന്‍ ജനതയോടൊപ്പമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സമാധാനം, വികസനം എന്നീ മൂല്യങ്ങള്‍ക്കൊപ്പമാണ്. ഇന്ന് തന്നെ തടവിലാക്കിയവരെ വിട്ടയച്ചേ മതിയാകൂ’. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ പറഞ്ഞു. മ്യാന്മര്‍ മിലിറ്ററി നീതിന്യായ വ്യവസ്ഥയെ മാനിക്കാന്‍ തയ്യാറാകണമെന്നും പ്രശ്‌നങ്ങള്‍ ജനാധിപത്യരീതിയില്‍ പരിഹരിക്കണമെന്നുമായിരുന്നു ആസ്‌ട്രേലിയയുടെ ഔദ്യോഗിക പ്രതികരണം.

മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില്‍ അട്ടിമറി നീക്കം നടക്കുന്നത്. 01/02/21 തിങ്കളാഴ്ച അതിരാവിലെയായിരുന്നു മിലിറ്ററിയുടെ അപ്രതീക്ഷിത നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →