റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബൈ: ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തിൽ 5 വിക്കറ്റിന് ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടുന്നത് . ഐപിഎല്‍ ചരിത്രത്തിൽ മുംബൈയുടെ അഞ്ചാം കിരീടനേട്ടം കൂടിയാണിത്.

ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അനായസമായി തന്നെ മുംബൈ മറികടന്നു. അര്‍ധ സെഞ്ച്വറിയുമായി നായകന്‍ രോഹിത് ശർമ്മയാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് മുംബൈ തുടങ്ങിയത്. സ്‌കോര്‍ 45ല്‍ നില്‍ക്കെ അവര്‍ക്ക് ഓപണര്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടപ്പെട്ടു. 12 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 20 റണ്‍സാണ് ഡികോക്ക് എടുത്തത്.

90ല്‍ സൂര്യകുമാര്‍ യാദവും പുറത്തായി. പിന്നീട് രോഹിതും ഇഷാന്‍ കിഷനും ചേര്‍ന്നുള്ള സഖ്യം മുംബൈയെ സ്‌കോര്‍ 137 വരെ എത്തിച്ചു. 51 പന്തില്‍ നാല് സിക്‌സും 5 ഫോറും സഹിതം 65 റണ്‍സെടുത്ത രോഹിതിനെ നോര്‍ക്കിയ പുറത്താക്കി. പിന്നാലെ എത്തിയ പൊള്ളാര്‍ഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 9 റണ്‍സുമായി പൊള്ളാര്‍ഡ് മടങ്ങി.

സ്‌കോര്‍ 156ല്‍ 3 റണ്‍സെടുത്ത ഹാര്‍ദികും പുറത്തായി. 32 റണ്‍സുമായി പുറത്താകാതെ നിന്ന ഇഷാന്‍ കിഷനും ഒരു റണ്‍സുമായി നിന്ന കൃനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ വിജയ തീരത്ത് എത്തിച്ചത്. ഡല്‍ഹിക്കായി റബാദ, നോര്‍ക്കിയ, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഡല്‍ഹി 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് എടുത്തത്. ഡല്‍ഹിക്കായി നായകന്‍ ശ്രേയസ്സ് അയ്യരും റിഷഭ് പന്തും അര്‍ധ സെഞ്ച്വറി തികച്ചു. പന്ത്

തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. നാല് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് തന്നെ മാര്‍കസ് സ്റ്റോയിനിസിനെ ഡല്‍ഹിക്ക് നഷ്ടപ്പെട്ടു. സ്‌കോര്‍ 16ല്‍ നില്‍ക്കെ രണ്ട് റണ്‍സെടുത്ത രഹാനെയും പുറത്തായി. 22ല്‍ 15 റണ്‍സെടുത്ത ശിഖര്‍ ധവാനും പുറത്തായതോടെ ഡല്‍ഹി സമ്മര്‍ദത്തിലേക്ക് വീണു.

ധവാന്‍ 15 റണ്‍സിന് പുറത്തായതോടെ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് കെ എല്‍ രാഹുല്‍ സുരക്ഷിതമാക്കി. പന്തും ശ്രേയസ്സ് അയ്യരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 118ല്‍ നില്‍ക്കെ 38 പന്തില്‍ 56 റണ്‍സെടുത്ത പന്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്സും സഹിതമാണ് പന്ത് 56 റണ്‍സെടുത്തത്. താരത്തിന്റെ സീസണിലെ ആദ്യ അര്‍ധ ശതകമാണിത്. ഇതുവരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കലാശപ്പോരിലെ അര്‍ധ ശതകത്തിലൂടെ പന്ത് മറുപടി നല്‍കുകയും ചെയ്തു

പന്തിന് പിന്നാലെ ക്രീസിലെത്തിയ ഹേറ്റ് മേയര്‍ക്ക് ഒന്നും ചെയ്യാനായില്ല. 5 റണ്‍സെടുത്ത ഹേറ്റ് മേയറെ ബോള്‍ട്ട് പുറത്താക്കി. ഇതോടെ സ്‌കോറിംഗ് വേഗത കുറഞ്ഞു. സ്‌കോര്‍ 149ല്‍ 9 റണ്‍സെടുത്ത അക്സര്‍ പട്ടേലും പുറത്തായി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ ശ്രേയസ്സ് അയ്യര്‍ 50 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് ശ്രേയസ്സ് 65 റണ്‍സ് എടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *