റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗൂഗിള്‍ പേയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്യായമായ നടപടികളെക്കുറിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു.ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ ആപ്പ് പ്രാധാന്യത്തോടെ നല്‍കിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെന്റ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സി.സി.ഐ. നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ച പരാതി സി.സി.ഐയുടെ പരിശോധനാ ഘട്ടം പൂര്‍ത്തിയാക്കിയതോടെയാണ് അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായുള്ള ഗൂഗിളിന്റെ കരാറുകള്‍ ‘ലെവല്‍ പ്ലേയിംഗ് ഫീല്‍ഡിനെ അസ്വസ്ഥമാക്കും’ എന്നും 39 പേജുള്ള ഉത്തരവില്‍ സിസിഐ പറഞ്ഞു. ഇന്റര്‍ ബാങ്ക് ഫണ്ട് കൈമാറ്റങ്ങളും മറ്റ് പേയ്മെന്റ് സേവനങ്ങളും അനുവദിക്കുന്ന ഗൂഗിള്‍ പേ ആപ്ലിക്കേഷനെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നതിലൂടെ ഗൂഗിള്‍ ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരാതിയിലുണ്ട്. ഇതും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷിക്കും

2020 ഫെബ്രുവരിയിലാണ് വിഷയത്തില്‍ ആല്‍ഫബെറ്റ് ഇങ്കിന്റെ ഗൂഗിളിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി ലഭിക്കുന്നത്.സിസിഐ പരാതിക്കാരന്റെ വിലാസം രഹസ്യമാക്കി വച്ചിരിക്കുകയാണ്.ആന്‍ഡ്രോയിഡ് വിപണയിലെ സ്വാധീനമുപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഗൂഗിള്‍ പേ ആപ്പിന് പ്ലേ സ്റ്റോര്‍ വഴി കൂടുതല്‍ പ്രചാരം നല്‍കിയെന്നാണ് പ്രധാന ആരോപണം. പ്ലേ സ്റ്റോര്‍ സെര്‍ച്ചില്‍ കൃത്രിമം കാട്ടിയതായി പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്ല.

ഇന്ത്യയില്‍ സി.സി.ഐ. മുന്പാകെ ഗൂഗിളിനെതിരേ എത്തുന്ന മൂന്നാമത്തെ പരാതിയാണിത്. 2018-ല്‍ കമ്പനിയുടെ വാണിജ്യ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സേര്‍ച്ച് എന്‍ജിനില്‍ വിവരങ്ങള്‍ ലിസ്റ്റ് ചെയ്യുന്നുവെന്ന പരാതിയില്‍ ഗൂഗിളിന് 2.1 കോടി ഡോളര്‍ (ഏകദേശം 135.86 കോടി രൂപ) പിഴയിട്ടിരുന്നു. മൊബൈല്‍ കന്പനികളെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുക്കുന്നതില്‍ ഗൂഗിള്‍ സ്വാധീനം ചെലുത്തുന്നവെന്നായിരുന്നു 2019ല്‍ ലഭിച്ച പരാതി.ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് യു.പി.ഐ. അധിഷ്ടിത ആപ്പുകളില്‍ ഏറെ മുന്നിലാണ് ഗൂഗിള്‍ പേ. 2017-ല്‍ പുറത്തിറക്കിയ ആപ്പില്‍ മാസംതോറും ആറു കോടിയിലധികം ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്തുന്നതായാണ് കണക്കുകള്‍. പേടിഎം, ഫോണ്‍ പേ എന്നീ പേമെന്റ് ആപ്പുകളുമായാണ് ഗൂഗിള്‍ പേ മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *