ലക്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 15കാരനെ കൊലപ്പെടുത്തി ഇരയുടെ കുടുബത്തെ കുടുക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ജില്ലയിലെ കുന്ദാര്‍ക്കി പ്രദേശത്ത് താമസിക്കുന്ന നസീം അഹമ്മദാണ് പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് അടുത്തിടെ ജാമ്യത്തിലിറങ്ങി.ജാമ്യത്തിലിറങ്ങിയതുമുതല് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ കേസ് പിന്‍വലിക്കാന്‍ നസീം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ കുടുംബം വിസമ്മതിച്ചു.
ഇതില്‍ പ്രകോപിതനായ നസീം തന്റെ 15 വയസുള്ള കസിന് ഷേര്‍ മുഹമ്മദിനെ കൊന്നു. കുട്ടിയുടെ ശിരഛേദം ചെയ്ത മൃതദേഹം പിന്നീട് പോലീസുകാര്‍ കണ്ടെടുത്തു. തുടര്‍ന്ന് മരിക്കുന്നതിന് മുന്‍പ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഷേര്‍ മുഹമ്മദിനൊപ്പം കണ്ടതായി ഇയാള്‍ മൊഴി നല്കി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് 15കാരന് നസീമിനൊപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു.

