റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ഗൾഫിൽ നിന്ന് കള്ളക്കടത്ത് സംഘം കൊടുത്തയച്ച അരക്കിലോ സ്വർണവുമായി യുവാവ് മുങ്ങി. യുവാവിനെ കണ്ടെത്തുന്നതിനായി യുവാവിന്റെ സുഹൃത്തിനെ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി. സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. ഒരാഴ്ച മുമ്പാണ് അരകിലോ സ്വർണ്ണവുമായി മംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. 29 -10 – 2020 വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

കാസർകോട് മേൽപ്പറമ്പിൽ ആണ് സംഭവം നടന്നത്. കീഴൂർ ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസക്കാരനായ മുസ്തഫയാണ് ഗൾഫിൽ നിന്നും കൊണ്ടുവന്ന സ്വർണ്ണവുമായി മുങ്ങിയത്. ഇയാളുടെ സുഹൃത്തായ കീഴൂർ സ്വദേശിയും കളനാട് കട്ടക്കാലിൽ താമസക്കാരനുമായ ശമ്മാസ് (30)നെയാണ് രണ്ട് കാറുകളിലായി എത്തിയ പന്ത്രണ്ടോളം പേർ തട്ടിക്കൊണ്ടുപോയത്.

ഉപ്പള സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച മുമ്പാണ് സ്വർണ്ണ കള്ളക്കടത്ത് സംഘം കൊടുത്തയച്ച അരകിലോ സ്വർണവുമായി മുസ്തഫ മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നത്. സംഘത്തിന് സ്വർണം കൈമാറാതെ കടന്നുകളയുകയായിരുന്നു മുസ്തഫ. മുസ്തഫയെ കണ്ടു പിടിക്കാൻ കഴിയാതെ വന്നപ്പോൾ അയാളുടെ സുഹൃത്തായ ശമ്മാസിനെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്ക് മേൽപ്പറമ്പ് ഒരവങ്കരയിൽ വെച്ച് രണ്ടു സുഹൃത്തുക്കളും ഒന്നിച്ച് യാത്രചെയ്തിരുന്ന ശമ്മാസിന്റെ കാറ് സംഘം തടഞ്ഞുനിർത്തി.

പന്ത്രണ്ടോളം പേർ അടങ്ങുന്ന രണ്ട് കാറുകൾ കുറുകെ ഇട്ടാണ് തടഞ്ഞത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാളെ സുഹൃത്തുക്കളിൽനിന്നും അകറ്റി തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പേടിച്ച് ഓടിപ്പോയി. അവർ വഴിയാണ് വീട്ടിൽ വിവരം അറിയുന്നത്. തുടർന്ന് ഇന്ന് ശമ്മാസിന്റെ ഭാര്യ ഇഫ്റത്ത് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ള ചില വീടുകളും രഹസ്യ കേന്ദ്രങ്ങളും മേൽപ്പറമ്പ് എസ് ഐ പത്മനാഭന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയതായും വിവരമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *