ഫോര്‍ട്ട് കൊച്ചി: നെല്ലുകടവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ അഞ്ചു യുവാക്കളുടെ നില ഗുരുതരം. പരുക്കേറ്റവരെ നാട്ടുകാരാണ് ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ (21) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനു പരുക്കേറ്റ സബാഹിനെ (20) എറണാകുളം ജനറൽ ആശുപത്രിയിലും റസാൽ, അക്ഷയ്, ആസിഫ് എന്നിവരെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
11-10-2020 ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് പോലീസ് ആക്രമണം. അവധി ദിവസമായതിനാൽ പതിനഞ്ചിലേറെ യുവാക്കൾ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടെ എത്തിയ പൊലീസുകാർ യുവാക്കളെ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നു. മർദ്ദനമേറ്റ് ചിലർ നിലത്തു വീണു. ഇവരെല്ലം മർദ്ദനത്തിനിരയാക്കിയെന്ന് ദൃക്സാക്ഷികളും പരിസര വാസികളുമായ വീട്ടമ്മമാർ പറഞ്ഞു. അടിയേറ്റ് ചിലർ ഓടി തൊട്ടടുത്തുള്ള കൽവത്തി കനാലിൽ ചാടിയാണ് രക്ഷപ്പെട്ടത്. ഇതിനിടെ ചിലർ കനാലിൽ വീഴുകയും ചെയ്തു. സ്ഥലത്ത് ആളുകൾ കൂടിയതോടെ പൊലീസ് സ്ഥലം വിട്ടു.
ചെറുപ്പക്കാർക്ക് പരിക്കേറ്റതറിഞ്ഞ് വൻ ജനക്കൂട്ടം പ്രതിഷേധവുമായി ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനു മുന്നിലേക്ക് എത്തി. സുരക്ഷ കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസുകാരും എത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് അസി.പൊലീസ് കമ്മിഷണർ ജി.ഡി.വിജയകുമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ജനം പിരിഞ്ഞുപോയത്.

