ലക്‌നൗ: ഹാത്രാസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്നും ആദ്യത്തെ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ലെന്നും യുപി പോലിസ്.പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് സെപ്റ്റംബര്‍ 14നാണ്. ആദ്യമൊഴിയില്‍ സന്ദീപ് എന്ന വ്യക്തി ലൈംഗികമായി ആക്രമിച്ചുവെന്നും ദുപ്പട്ട കൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പറഞ്ഞത്. രണ്ട് ദിവസത്തിനു ശേഷം സെപ്റ്റംബർ 22ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തപ്പോള്‍ മാത്രമാണ് തന്നെ നാലുപേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കാര്യം പെണ്‍കുട്ടി തുറന്നു പറയാന്‍ തയാറായതെന്നു പൊലീസ് പറയുന്നു.
രണ്ടാമത്തെ മൊഴി നല്‍കിയത് ഒക്ടോബര്‍ 22നാണ്. ഇതില്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു.നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നതിന് അപ്പുറം മറ്റ് കാര്യങ്ങള്‍ പറയാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നും പൊലീസ് ആരോപണം ഉന്നയിച്ചു.
എന്നാല്‍ ആരോപണം കുടുംബാംഗങ്ങള്‍ തള്ളി. ആദ്യമൊഴിയില്‍ തന്നെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം തുറന്നുപറഞ്ഞുവെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ മൊഴിയിലോ ഫൊറന്‍സിക് പരിശോധനാ ഫലത്തിലോ ബലാത്സംഗത്തെ കുറിച്ച് പരമാര്‍ശമില്ലെന്നും കഴുത്തിലെ പരുക്കാണ് മരണകാരണമെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പെണ്‍കുട്ടിയുടെ മരണശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

