ലക്നൗ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയേണ്ട സമയത്ത് ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച എഎപി എംഎല്‍എയ്ക്കെതിരെ യുപി പൊലീസ് പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. എംഎല്‍എ കുല്‍ദീപ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്ക് കോവിഡ് പോസിറ്റീവായതായി കുല്‍ദീപ് കുമാര്‍ സെപ്റ്റംബര്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഒക്ടോബര്‍ അഞ്ചിന് എംഎല്‍എ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചുവെന്ന് യുപി പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്ന വീഡിയോ കുല്‍ദീപ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയാണ് ആവശ്യപ്പെട്ടത്. ബിജെപി തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹത്രാസിലെത്തിയതെന്നും കുല്‍ദീപ് കുമാര്‍ പറഞ്ഞു.

