മലപ്പുറം: കിണറ്റില്‍ ആരോ ചാടിയതായി ഭാര്യ സംശയം പ്രകടിച്ചപ്പോള്‍ എടുത്തു ചാടിയ അമീറലി രക്ഷിച്ചത് സ്വന്തം മകനെ . മലപ്പുറം വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് ബാങ്കുംപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയാണ് മകന്‍ റെനിലിന് രക്ഷകനായത്. പതിനൊന്നുകാരനായ മകന്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിലിടിച്ചതിന് ശേഷം കിണറിനകത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആരോ വീഴുന്നത് പോലെ ഭാര്യയ്ക്കു തോന്നിയതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം.
7-10-2020 ബുധനാഴ്ചയാണ് സംഭവം. റെനിലിനൊപ്പം കളിക്കാനായി ഉച്ചയോടെ അയല്‍വീട്ടിലെ കുട്ടികളെല്ലാം എത്തിയിരുന്നു. അതിനിടെ ഭാര്യയുടെ കരച്ചില്‍ കേട്ടാണ് അമീറലി ഓടിയെത്തിയത്. ആരാണ് വീണതെന്ന് ഭാര്യയ്ക്കും വ്യക്തതയില്ലായിരുന്നു. വീട്ടുമുറ്റത്തെ കിണറ്റില്‍ ചെന്നു നോക്കിയപ്പോള്‍ സംശയാസ്പദമായി ഒന്നും തോന്നിയില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള കിണറ്റിന്‍ കരയില്‍ ചെന്നു നോക്കിയപ്പോള്‍ വെള്ളം ഇളകുന്നത് കണ്ടതോടെ കിണറിനകത്തേക്ക് ചാടുകയായിരുന്നു അമീറലി. പിടുത്തം കിട്ടിയ ടീഷര്‍ട്ടില്‍ പിടിച്ചുയര്‍ത്തിയപ്പോഴാണ് സ്വന്തം മകനാണ് വീണതെന്ന് അമീറലിയ്ക്ക് മനസിലായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അച്ഛനെയും മകനെയും കരയ്ക്കു കയറ്റി. സംശയം വെച്ചു ചാടിയതാണെങ്കിലും മകനെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അമീറലി.

