ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലിയെ ഹരിയാനയിൽ പ്രവേശിപ്പിച്ചു. ആദ്യം അതിർത്തിയിൽ തടഞ്ഞ ഹരിയാനാ സർക്കാർ പിന്നീട് വഴങ്ങി. രാഹുൽ ഗാന്ധിക്കും ഏതാനും പ്രവർത്തകർക്കും പ്രവേശിക്കാനാണ് അനുമതി നൽകിയത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഹരിയാനാ അതിർത്തിയിൽ റാലിയെത്തുമ്പോൾ അരങ്ങേറിയത്. റാലിയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്ന ഹരിയാനാ സർക്കാർ അതിർത്തിയിൽ ബാരിക്കേഡ് തീർത്ത് റാലിയെ തടഞ്ഞു. ഇതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
എന്നാൽ, പ്രവേശന കവാടം തുറക്കാൻ 5000 മണിക്കൂറായാലും ഇവിടെ കാത്തിരിക്കും എന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതോടെ ഹരിയാന സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.
അതിർത്തി തുറന്നാൽ സമാധാനത്തോടെ റാലി തുടരും. അതുവരെ സമാധാനപൂർവം കാത്തിരിക്കും, അത് 5000 മണിക്കൂർ ആണെങ്കിൽ പോലും എന്നായിരുന്നു രാഹുൽ പറഞ്ഞത്. പഞ്ചാബിലെ പര്യടനത്തിനു ശേഷമാണ് റാലി ഹരിയാനാ അതൃത്തിയിൽ എത്തിയത്. പഞ്ചാബിൽ രാഹുലിൻ്റെ റാലിയ്ക്ക് വൻ ജനപിൻതുണയാണ് ലഭിച്ചത്.

