തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക അനുവദിക്കുന്ന തുക പരമാവധി 5 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ് ജന്‍ഡർ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് 5 ലക്ഷമാക്കി വര്‍ധിപ്പിച്ചത്. 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാന്‍സ്മാന്‍) യ്ക്കാണ് 5 ലക്ഷം രൂപ അനുവദിക്കുന്നത്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാന്‍സ് വുമണ്‍) താരതമ്യേന ചെലവ് കുറവായതിനാല് പരമാവധി 2.50 ലക്ഷം രൂപ വരെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീയില്‍ നിന്നും പുരുഷനാകാന്‍ 5 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേര്‍ത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക, അവരുടെ ആരോഗ്യ മാനസിക ഉന്നമനം നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം.

