വി. മുരളീധരന്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം. ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ വി.മുരളീധരന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വി.മുരളീധരൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ നടത്തി. ബി.ജെ.പി രാഷ്ട്രീയമായി കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുന്നു എന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം സുതാര്യമാണെന്നതില്‍ സംശയമുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്ര മന്ത്രി വി.മുരളീധരനാണ് നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണം കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ എന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ സുതാര്യവും നിഷ്‌പക്ഷമായ അന്വേഷണം നടക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ബി.ജെ.പി രാഷ്ട്രീയത്തിന്റെ ചാരന്‍മാരാണ് കേരളത്തിലെ ചില കോണ്‍ഗ്രസുകാരും ലീഗുകാരും. മുസ്ലിം ലീഗ് എം.എല്‍.എ ക്കെതിരെ ബി.ജെ.പി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. കോ-ലീ-ബി സംഖ്യമാണോ കാരണമെന്ന് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കെ.ടി ജലീലിനെ സാക്ഷിയെന്ന നിലയിലാണ് അന്വേഷണ സംഘം വിളിപ്പിച്ചത് എന്നും റിയാസ് വ്യക്തമാക്കി. എറണാകുളത്ത് ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിനു മുന്നിലും മലപ്പുറത്ത് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിലുമായിരുന്നു ധര്‍ണ്ണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →